modi-rahul

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
'എന്നെ എപ്പോഴും അധിക്ഷേപിക്കുകയും കുത്തുവാക്കു പറയുകയും ചെയ്യുന്ന ഡൽഹിയിലുള്ള ചിലർ ഇപ്പോൾ എന്നെ ജനാധിപത്യം പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്' രാഹുലിന്റെ പേര് പറയാതെ മോദി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താത്തതിൽ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനെയും മോദി വമർശിച്ചു.

ചില രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെക്കുറിച്ച് ക്ലാസുകളെടുത്തോണ്ടിരിക്കുന്നു. അവരുടെ പാർട്ടി അധികാരത്തിലുള്ള പുതുച്ചേരിയിൽ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. ജമ്മുകാശ്മീരിലെ ജില്ലാ ഡെവലപ്‌മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പാണ് എനിക്ക് ജനാധിപത്യത്തിന്റെ ഉദാഹരണമായി കാണിക്കാനുള്ളത്. കേന്ദ്രഭരണപ്രദേശമായി ഒരു വർഷത്തിനുള്ളിൽ ജമ്മുകാശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പ് കേന്ദ്രസർക്കാർ നടത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താത്തിന്റെ പേരിലാണ്
ജമ്മുകാശ്മീരിലെ സഖ്യസർക്കാരിൽ നിന്ന് ബി.ജെ.പി പിൻവാങ്ങിയത്. ജമ്മുകാശ്മീരിലെ ജനങ്ങൾ ജനാധിപത്യം ശക്തിപ്പെടുത്തിയെന്നും അവരെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു. ജമ്മുകാശ്മീരിൽ ആയുഷ്മാൻ ഭാരത് ആരോഗ്യഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൈമാറാനുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ കഴിഞ്ഞദിവസം മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയിൽ ജനാധിപത്യം അവശേഷിക്കുന്നില്ല. ഉണ്ടെന്ന് കരുതുന്നെങ്കിൽ അത് സാങ്കല്പികം മാത്രമാണ്. കർഷകരായാലും തൊഴിലാളികളായാലും ആർ.എസ്.എസ് തലവൻ മോഹൻഭാഗവത് ആയാൽ പോലും മോദിക്കെതിരെ നിൽക്കുന്നവരെയെല്ലാം ഭീകരരായി ചിത്രീകരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.