
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഇന്ന് ഡൽഹിയിൽ സർവീസ് ആരംഭിക്കും.
ജനക്പുരി വെസ്റ്റ് - നോയിഡ ബൊട്ടാണിക്കൽ ഗാർഡൻ പാതയിൽ തുടങ്ങുന്ന സർവീസ് രാവിലെ 11 മണിയ്ക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദമോദി ഫ്ളാഗ് ഓഫ് ചെയ്യും. സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റേഷനുകളിൽ നിന്നാണ് ഇവ നിയന്ത്രിക്കുന്നത്.ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മൂന്നാംഘട്ട വിപുലീകരണത്തിന്റെ ഭാഗമായി 2017 ഡിസംബറിൽ ഡ്രൈവറില്ലാ ട്രെയിനുകളുടെ ട്രയൽ ആരംഭിച്ചിരുന്നു.
മജന്ത ലൈനിലെ സർവീസ് വിജയകരമായാൽ 2021 പകുതിയോടെ പിങ്ക് ലൈനിലും ഇവ ഓടും. യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനുള്ള സൗകര്യത്തിനായി ഒരു റൂട്ടിലെ ട്രെയിനുകൾക്കും സ്റ്റേഷനുകൾക്കും ഒരു നിറമാണ്.
എയർപോർട്ട് എക്‌സ് പ്രസ് ലൈനിലെ പൂർണ പ്രവർത്തനസജ്ജമായ ദേശീയ പൊതുമൊബിലിറ്റി കാർഡ് സേവനവും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.റുപേ ഡെബിറ്റ് കാർഡ് കൈവശമുള്ള ആർക്കും ഈ റൂട്ടിൽ അതു ഉപയോഗിച്ച് യാത്ര ചെയ്യാം. 2022ഓടെ ഡൽഹി മെട്രോ ശൃംഖലയിൽ എല്ലാ റൂട്ടിലും ഈ സൗകര്യം ലഭ്യമാക്കും.
ഡൽഹി മെട്രോ @18
# 2002ഡിസംബർ 25ന് ഡൽഹി മെട്രോയ്ക്ക് ഔദ്യോഗികമായി തുടക്കം. ഉദ്ഘാടനം 24ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി.
# 6 സ്റ്റേഷനുകളമായി 8.2 കി.മീറ്റർ ദൂരത്തിൽ ആദ്യ സർവീസ്
# 242 സ്റ്റേഷനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ മെട്രോ സർവീസായി വളർന്നു.
# 10 റൂട്ടുകളിൽ സർവീസ്, 26 ലക്ഷം പ്രതിദിന യാത്രക്കാർ
# 6 കോച്ചുകൾ ഓരോ ട്രെയിനിലും.
# 95 കിലോമീറ്റർ പരമാവധി വേഗം.