pm-cares

ന്യൂഡൽഹി: ദുരിതാശ്വാസനിധിയെന്ന നിലയിൽ പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്‌സ് ഫണ്ട് സ്ഥാപിച്ചതും നിയന്ത്രിക്കുന്നതും സർക്കാരാണെന്നും അതുകൊണ്ട് ഇതൊരു സർക്കാർ സംരംഭമാണെന്നും കേന്ദ്രം. അടുത്തിടെ ഫണ്ട് സ്വകാര്യ സംരംഭമാണെന്ന പി.എം കെയേഴ്‌സ് വെബ്‌സൈറ്റിലെ വാദത്തിന് വിരുദ്ധമായാണ് സർക്കാരിന്റെ മറുപടി. ഫണ്ടിനെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തർക്കത്തിന്റെ നിജസ്ഥിതി അറിയാൻ ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ വിവരാവകാശത്തിന് മറുപടിയായാണിത്.

''ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ചതും നിയന്ത്രിക്കുന്നതുമായ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് പി.എം. കെയേഴ്‌സ്. എന്നാൽ സ്വകാര്യ സംഭാവനകൾ കൂടി സ്വീകരിക്കുന്നതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. ഈ ഫണ്ടിലേക്കുള്ള പണം പൂർണമായും വ്യക്തികൾ, സംഘടനകൾ, കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട്, വിദേശ സംഘടനകൾ, വിദേശ വ്യക്തികൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവർ നൽകുന്ന സംഭാവനകളാണ്. ഇത് സർക്കാർ പണം ചെലഴിച്ച് നടത്തുന്നതും സ്വകാര്യ വ്യക്തികൾ ട്രസ്റ്റികളായി ഭരിക്കുന്നതുമല്ല. അതുകൊണ്ട് വിവരാവകാശ നിയമ പരിധിയിൽ വരുന്നില്ല '' എന്നാണ് മറുപടി.

ഡൽഹിയിലെ റവന്യൂ വകുപ്പിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ് പി.എം. കെയേഴ്‌സ് ഫണ്ട്. പ്രധാനമന്ത്രി ചെയർമാനും മുതിർന്ന മന്ത്രിമാർ ട്രസ്റ്റികളുമാണ്. എന്നാൽ ഈയിടെ വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയ വിവര പ്രകാരം ഇതൊരു സർക്കാർ ട്രസ്റ്റ് അല്ലെന്നാണ്. പി.എം കെയറിനെ വിവരാവകാശത്തിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിയിരുന്നു.