amarjith

കർഷക സമരം: പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് അഭിഭാഷകന്റെ ആത്മഹത്യ

ന്യൂഡൽഹി: 32 ദിവസം പിന്നിട്ട കർഷക സമരത്തെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്, പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച് കർഷകൻ കൂടിയായ അഭിഭാഷകൻ ആത്മഹത്യ ചെയ്തു. സമരം ആരംഭിച്ച ശേഷം മൂന്നാമത്തെ ആത്മഹത്യയാണിത്.

പഞ്ചാബിലെ ജലാലാബാദിൽ നിന്നുള്ള അഭിഭാഷകൻ അമർജീത്ത് സിംഗാണ് തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വച്ച് ഇന്നലെ രാവിലെയോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടനെ പ്രഥമ ശുശ്രൂഷ നൽകിയശേഷം റോഹ്​ത്തക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അത്യാസന്ന നിലയിലായിരുന്ന അമർജീത്ത് ഉച്ചയോടെ​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

ഡൽഹിയിലെ സമരമുഖത്തെ സജീവ സാന്നിദ്ധ്യമായിരുന്നു അമർജീത്ത്. ഫസീൽക്കയിലെ ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹിയായിരുന്നു. അമർജീത്ത് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയ ആത്മഹത്യാകുറിപ്പിൽ മോദിയെ ഏകാധിപതിയെന്നാണ് വിശേഷിപ്പിക്കുന്നത്. ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു . പ്രധാനമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നു. എന്നാൽ കത്തിന്റെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് പൊലീസ് ആറിയിച്ചു.

കർഷക പ്രക്ഷോഭത്തിൽ പങ്കാളിയായിരുന്ന ഹരിയാന ഗുരുദ്വാരയിലെ പരോഹിതനായിരുന്ന ബാബാ രാം സിംഗ്, പഞ്ചാബിലെ കർഷകൻ ഗുർലഭ് സിംഗ് (22) എന്നിവരും ആത്മഹത്യ ചെയ്തിരുന്നു.

ഇതിനിടെ ഡൽഹിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഉത്തരാഖണ്ഡിൽ നിന്ന് മാർച്ച് ചെയ്ത 1000ത്തോളം കർഷകർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.