
ന്യൂഡൽഹി:ഉത്തരേന്ത്യയെ വിറപ്പിച്ച് അതിശൈത്യം, കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തണുത്ത് വിറയ്ക്കുകയാണ്. നാളെ (29ന്) അതിശൈത്യം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വീടിനകത്ത് തന്നെ തുടരണമെന്നും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ ചർമ്മം ഈർപ്പമുള്ളതായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. 17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോയത്. ഡിസംബറിലും ഇത് ആവർത്തിച്ചേക്കും.
ജമ്മു കാശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ മഞ്ഞു വീഴ്ച മൂലം ദേശീയ തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും ശീതക്കാറ്റ് വീശുന്നുണ്ട്. ഡൽഹി രാജ്ഘട്ടിലും പഞ്ചാബിബാഗിലുമടക്കം രാവിലെ കടുത്ത മൂടൽ മഞ്ഞ് ദൃശ്യമായിരുന്നു.