
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് ഇന്ന് എൺപതിന്റെ നിറവ്. കൊവിഡ് മുക്തിക്കു ശേഷം ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലായ ആന്റണിക്ക്, അല്ലെങ്കിലും പിറന്നാളുകൾ ആഘോഷവേളകളല്ല.
'ഇതുവരെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. ഇന്ന് പാർട്ടിയുടെ 136-ാം സ്ഥാപക ദിനമായതുകൊണ്ട് അതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുണ്ടാകുമല്ലോ' എന്നാണ് സ്വന്തം പിറന്നാളിനെക്കുറിച്ച് ആന്റണിയുടെ പ്രതികരണം.
കൊവിഡ് ഭേദമായതിനു ശേഷം ഒരു മാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും ആന്റണി നാട്ടിലെത്തിയിരുന്നില്ല. ചേർത്തല അറക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി 1940 ഡിസംബർ 28നു ജനിച്ച ആന്റണി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തിൽ സജീവമായത്. ബി.എയ്ക്കു ശേഷം നിയമം പഠിച്ചെങ്കിലും തിരഞ്ഞെടുത്തത് രാഷ്ട്രീയ പ്രവർത്തനം. കേരള മുഖ്യമന്ത്രി, നിയമസഭാ പ്രതിപക്ഷനേതാവ്, എം.പി, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. 1977ൽ മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ ആന്റണിക്ക് 37 വയസ്സ്.