covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണം 1.48 ലക്ഷവും രോഗബാധിതരുടെ എണ്ണം 1.02 കോടിയും പിന്നിട്ടു. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 2.77 ലക്ഷമായി കുറഞ്ഞു. ഒരു മാസത്തിലേറെയായി ദിവസേനയുള്ള രോഗബാധിതരെക്കാൾ രോഗമുക്തർ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,131 പേർ രോഗമുക്തരായി. 279 പേർ മരിച്ചു. ആകെ രോഗമുക്തർ 98 ലക്ഷത്തോടടുത്തു. രോഗമുക്തി നിരക്ക് 95.83 ശതമാനമായി. പ്രതിദിന രോഗികളും രോഗമുക്തരും കേരളത്തിലാണ് കൂടുതൽ. വാക്‌സിൻ വിതരണത്തിനായുള്ള നടപടികളുടെ പ്രവർത്തനസാദ്ധ്യത വിലയിരുത്താനുള്ള റിഹേഴ്‌സൽ ആന്ധ്ര, പഞ്ചാബ്, അസാം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തുടങ്ങി. ഓരോ സംസ്ഥാനത്തും രണ്ട് ജില്ലകളിൽ വീതമാണ് ഡ്രൈ റൺ നടക്കുന്നത്. ഇന്ന് സമാപിക്കും.

മദ്ധ്യപ്രദേശിൽ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള പരിശോധനയിൽ അഞ്ച് എം.എൽ.എമാർക്കും നിയമസഭാ സെക്രട്ടറിയേറ്റിലെ 61 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ നിന്നെത്തിയവർക്ക് കൊവിഡ്

നവംബർ 25 മുതൽ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ 2200 പേരിൽ 11 പേർക്ക് മുംബയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് യാത്രക്കാർ കഴിഞ്ഞയാഴ്ചയാണ് എത്തിയത്. കൊവിഡിന്റെ പുതിയ വകഭേദമാണോയെന്നറിയാൻ ഇവരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജയിലേക്ക് അയച്ചു. കർണാടകയിൽ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ മൂന്നുപേർക്കും ഗുജറാത്തിൽ 12 പേർക്കും കൊവിഡ്.

കൊവിഡ് ബാധിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഡെറാഡൂണിലെ ആശുപത്രിയിൽ നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റി. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ആഴ്ച യോഗം ചേരും.