supremecourt

ന്യൂഡൽഹി :ജീവനക്കാർ കുടിശിക നൽകാനുണ്ടെങ്കിൽ അവരുടെ ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കുകയോ അതിൽ നിന്ന് തുക ഈടാക്കുകയോ ചെയ്യാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിലെ (സെയിൽ) ജീവനക്കാരനുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാനാവില്ലെന്ന രണ്ടംഗ ബെഞ്ചിന്റെ 2017-ലെ നിരീക്ഷണം വിധിയായിരുന്നില്ലെന്നും പ്രത്യേക കേസുമായി ബന്ധപ്പെട്ട ഉത്തരവ് മാത്രമായിരുന്നെന്നും സുപ്രീംകോടതി പറഞ്ഞു. ഗ്രാറ്റുവിറ്റിയിൽ നിന്ന് വാടകപ്പിഴ പിടിക്കാമെന്ന് 2005-ൽ സുപ്രീംകോടതിയുടെ മറ്റൊരു വിധിയുണ്ടായിരുന്നെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിലെ (സെയിൽ) ജീവനക്കാരൻ രാഗബേന്ദ്ര സിംഗ് 2016ൽ വിരമിച്ച ശേഷവും ജാർഖണ്ഡിലെ ബോകാരോയിലുള്ള ഔദ്യോഗിക കോട്ടേഴ്സ് ഒഴിയാൻ തയാറായില്ല. നിർദ്ധിഷ്ട സമയത്തിൽ അധികം താമസിച്ചതിന് 1.95 ലക്ഷം രൂപ വാടകയായി ചുമത്തുകയും സെയിൻ രാഗബേന്ദ്ര സിംഗിന്റെ ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ 2017ൽ ജീവനക്കാരൻ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗ്രാറ്റുവിറ്റിയിൽ നിന്ന് തുക പിടിക്കാൻ പാടില്ലെന്നായിരുന്നു 2020 ഫെബ്രുവരിയിലെ ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ സെയിൽ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെയാണ് ഹൈക്കോടതി ഉത്തരവ് മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.