
ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാര ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓർത്തഡോക്സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ചനടത്തി.
സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, മെത്രാപൊലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ ദിമത്രയോസ് എന്നിവർ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
മലങ്കരസഭയ്ക്ക് കീഴിലെ പള്ളികൾ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ 2017ലെ സുപ്രീംകോടതി വിധിയെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് യാക്കോബായ വിഭാഗം നേതൃത്വവും പ്രധാനമന്ത്രിയെ കാണും.
സഭാ തർക്കവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി തോമസ് മാർ അത്തനാസിയോസ് മെത്രാപൊലീത്ത പ്രധാനമന്ത്രിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിധി ആർക്കും എതിരല്ല. സുപ്രീംകോടതി വിധി നാടിന്റെ നിയമമാണെന്ന് തിരിച്ചറിഞ്ഞ് സഭ ഐക്യത്തിലേക്ക് വരണം. അതുവഴി അവർക്കൊന്നും നഷ്ടപ്പെടുകയല്ല, അവരുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുകയാണ്. ജനഹിത പരിശോധനയ്ക്ക് നിയപരമായി സാദ്ധ്യതയില്ല. അതുവഴി അവർക്ക് വരുന്നത് നഷ്ടവുമാണ്. സഭ യോജിച്ചു പോകണം. സുപ്രീംകോടതിവിധി ആർക്കും എതിരല്ല. പ്രശ്നപരിഹാരമാണത്. മുഖ്യമന്ത്രിയുടെ അടുത്തും ഈ വിവരങ്ങൾ തന്നെയാണ് ധരിപ്പിച്ചത്. കേരളത്തിലെ സാമൂഹ്യപ്രശ്നമായി വിഷയം മാറുന്നതിലെ ഉത്കണ്ഠയറിഞ്ഞ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. പ്രധാനമന്ത്രി കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. കോടതി വിധിക്ക് പുറത്ത് ഈ പ്രശ്നത്തിന് പരിഹാരമില്ല. ജനാധിപത്യത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിന് ജുഡിഷ്യറിയുടെ തീരുമാനം അംഗീകരിക്കുക പ്രധാനമാണ്. അതിൽ നിന്ന് മാറി സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്താൻ ശ്രമിക്കുന്നത് അധാർമ്മികമാണ്. അത് അരാചകത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് പറയാനുള്ളത് പ്രധാനമന്ത്രി വളരെ ശ്രദ്ധയോടെ കേട്ടുവെന്നും കാര്യങ്ങൾ വിശദമായി മനസിലാക്കിയെന്നും യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപൊലീത്തയും പറഞ്ഞു.