
ന്യൂഡൽഹി :യു.പിയിലെ മിശ്രവിവാഹിതരായ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച് അലഹബാദ് ഹൈകോടതി. പ്രായപൂർത്തിയായ സ്ത്രീക്ക് ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മിശ്രവിവാഹിതരായ ദമ്പതികൾക്ക് വീട്ടിലേക്ക് മടങ്ങുംവരെ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. 21 കാരിയായ മകളെ അന്യ മതത്തിൽപ്പെട്ടയാൾ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പിതാവിന്റെ പരാതിയിലുള്ള എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
യു.പിയിലെ ഇത്താഹ് സ്വദേശിയായ ശിഖയും സൽമാനുമായുള്ള വിവാഹം കഴിഞ്ഞ സെപ്തംബറിലാണ് നടന്നത്. എന്നാൽ ശിഖയെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിയിൽ സൽമാനെതിരേ യു.പി.പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കസ്റ്റഡിയിൽ വിടാൻ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിനെതിരെ ദമ്പതികൾ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിഖയുടെ സ്‌കൂൾ സർട്ടിഫിക്കറ്റ് പരിശോധിച്ച ഹൈക്കോടതി അവർക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കി.