rahul-gandhi

ന്യൂഡൽഹി: കോൺഗ്രസിന്റെ 136ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത് വിവാദമായി. ഞായറാഴ്ച വൈകിട്ടാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. കോൺഗ്രസ് സ്ഥാപകദിനം ആഘോഷിക്കുമ്പോൾ രാഹുൽഗാന്ധി അപ്രത്യക്ഷമായിരിക്കുകയാണെന്ന് ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ പരിഹസിച്ചു. ആം ആദ്മിയും രാഹുലിനെ വിമ‌ർശിച്ചു.അതേസമയം സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ പോയതെന്ന് കോൺഗ്രസ് വിശദീകരിച്ചു. മുത്തശ്ശിയെ കാണാൻ പോയത് തെറ്റാണോയെന്നും ബി.ജെ.പി തരം താണ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുനാളായി പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന അദ്ധ്യക്ഷ സോണിയ ഗാന്ധിയും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണി പതാകയുയർത്തി. ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, പ്രിയങ്ക ഗാന്ധി,കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങിനെത്തി. രാഹുലിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രിയങ്ക ഒഴിഞ്ഞുമാറി. ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും, സത്യത്തിനും സമത്വത്തിനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാപക ദിനാഘോഷത്തിൽ രാഹുൽ ട്വീറ്റ് ചെയ്തു.