
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ഒരുമാസമായി നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാനുള്ള ആറാംഘട്ട ചർച്ച നാളത്തേക്ക് മാറ്റി. ഡൽഹി വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടിനുള്ള ചർച്ചയ്ക്ക് ക്ഷണിച്ച് സംയുക്ത കിസാൻ മോർച്ചയിലെ 40 കർഷക സംഘടനാ നേതാക്കൾക്ക് കേന്ദ്ര കൃഷിമന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗർവാൾ കത്ത് നൽകി. കർഷകരുടെ ആശങ്കകളിൽ യുക്തിപരമായ പ്രശ്‌നപരിഹാരത്തിന് തുറന്ന മനസോടെ ചർച്ചയ്ക്ക് തയ്യാറാണെന്നും കത്തിൽ കേന്ദ്രം വ്യക്തമാക്കി. ചർച്ചയുടെ തീയതിയും സമയവും നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ രണ്ടുതവണ കേന്ദ്രം കർഷക സംഘടനകൾക്ക് കത്തുനൽകിയിരുന്നു. ഇത് സ്വീകരിച്ച് കർഷകർ ഡിസംബർ 29ന് രാവിലെ 11ന് ചർച്ചയാവാമെന്നായിരുന്നു കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ, ഈ സമയക്രമം മാറ്റി കേന്ദ്രം നാളത്തേക്ക് ചർച്ച നിശ്ചയിക്കുകയായിരുന്നു. നേരത്തേ അഞ്ചുതവണ നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു.
പുതിയനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകളും റദ്ദാക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരും ഉറച്ചുനിൽക്കുകയാണ്. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് കർഷകസംഘടനകൾ. അതിന് മുന്നോടിയായി നാളെ ഡൽഹി അതിർത്തിയിൽ ട്രാക്ടർ റാലി നടക്കും.ഉത്തരാഖണ്ഡിൽ നിന്നും നൂറു കണക്കിന് കർഷകർ കഴിഞ്ഞ ദിവസം ട്രാക്ടറുകളിൽ ഡൽഹി-യു.പി അതിർത്തിയിലെ സമരകേന്ദ്രത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭക്ഷ്യധാന്യശേഖരവുമായി കൂടുതൽ കർഷകർ പഞ്ചാബിൽ നിന്ന് ഡൽഹി അതിർത്തിയിലേക്കെത്തി. കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നു പുറപ്പെട്ട ആയിരത്തിലേറെ കർഷകർക്കും ആർ.എൽ.പിയുടെ നേതൃത്വത്തിലുള്ള നിരവധി കർഷകരും ജയ്പൂർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിയിട്ടുണ്ട്. ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകർ കൂടുതലായെത്തിയതോടെ പുതിയ ടെന്റുകൾ ഒരുക്കുകയാണ്.
അതേസമയം സമരരംഗത്ത് ഇല്ലാത്ത 25 കർഷക സംഘടനകൾ കേന്ദ്രത്തിന് പിന്തുണയറിയിച്ച് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ കണ്ടു.
കാർഷിക പരിഷ്കരണം തുടരും: മോദി
ന്യൂഡൽഹി: കാർഷിക മേഖലയിലെ പരിഷ്കരണ നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം തുടരുന്നതിനിടെയാണ് മോദിയുടെ പരാമർശം. കാർഷിക മേഖലയെയും കർഷകരെയും ശക്തിപ്പെടുത്താൻ ചരിത്രപരമായ പരിഷ്‌കാരങ്ങൾ കേന്ദ്രസർക്കാർകൊണ്ടുവന്നു. ഇത്തരം നടപടികൾ കൂടുതൽ ശക്തിയോടെ തുടരുമെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്ന് പശ്ചിമബംഗാളിലെ ഷാലിമാറിലേക്കുള്ള , നൂറാമത് കിസാൻ റെയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി.