sat

ന്യൂഡൽഹി: ന്യൂ ഇയർ പാർട്ടിക്ക് പണം നൽകാത്തതിന് പത്തൊമ്പതുകാരൻ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കിഴക്കൻ ഡൽഹിയിലെ റോഹ്‌തഷ് നഗറിൽ താമസിക്കുന്ന സതീഷ് ജോളിയാണ് (73) കൊല്ലപ്പെട്ടത്. സംഭവത്തിൽ സതീഷിന്റെ മൂത്ത മകൻ സഞ്ജയുടെ മകനും മീററ്റിൽ ബി.ബി.എ. വിദ്യാർത്ഥിയുമായ കരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി നടന്ന കൊലപാതകം ഞായറാഴ്ച രാവിലെയാണ് പുറംലോകമറിയുന്നത്. റോഹ്‌താഷ് നഗറിലെ കെട്ടിടത്തിൽ താഴത്തെ നിലയിൽ സതീഷ് ജോളിയും മുകളിലത്തെ നിലയിൽ മൂത്തമകനായ സഞ്ജയും കുടുംബവും താമസിച്ചിരുന്നു. ഞായറാഴ്ച രാവിലെ അമ്മയെ കാണാനെത്തിയ സഞ്ജയ് മുറി പൂട്ടിയിട്ട നിലയിൽ കണ്ടതോടെ തൊട്ടപ്പുറത്ത് താമസിക്കുന്ന ഇളയ സഹോദരനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

ചോരയിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി രക്തം പുരണ്ട ചുറ്റികയുമുണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയായ കരൺ സമീപത്തെ വീട്ടിൽ നിന്ന് ചുറ്റിക കടം വാങ്ങിയതായി കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കരൺ മുത്തശ്ശിയിൽ നിന്ന് പലപ്പോഴും പണം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസവും ന്യൂ ഇയർ പാർട്ടിയിൽ പങ്കെടുക്കാനായി പണം ചോദിച്ചു. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടിലുണ്ടായിരുന്ന 18,000 രൂപ കവർന്ന് സ്ഥലത്ത് നിന്ന് മുങ്ങി.