
ന്യൂഡൽഹി:മെഡിക്കൽ ഉപകരങ്ങൾ ഇറക്കുമതിചെയ്യുന്നതിനും നിർമ്മിക്കുന്നതിനും അടുത്ത ജനുവരി 1 മുതൽ ലൈസൻസ് നിർബന്ധമാക്കി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ. നെബുലൈസറുകൾ, രക്തസമ്മർദ്ധം പരിശോധിക്കുന്ന ഉപകരണങ്ങൾ, ഡിജിറ്റൽ തെർമോമീറ്ററുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയ മെഡിക്കൽ ഉപകരങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും കേന്ദ്ര ലൈസൻസിംഗ് അതോറിട്ടിയിൽ നിന്നോ സംസ്ഥാന ലൈസൻസിംഗ് അതോറിട്ടിയിൽ നിന്നോ അനുമതി വാങ്ങിയിരിക്കണം. ലൈസൻസിംഗിനായുള്ള സർക്കുലർ ആറ് കഴിഞ്ഞ് നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യകണക്കിലെടുത്ത് തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഉദ്യേശിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഏഷ്യയിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. മെഡിക്കൽ ഉപകരണങ്ങൾ ഭൂരിഭാഗവും നിലവിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. 70,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് ഒരു വർഷം രാജ്യത്ത് വിറ്റുപോകുന്നത്. ഈ പശ്ചാത്തലത്തിൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ആഭ്യന്തരമായി ഉപകരണങ്ങൾ നിർമ്മിക്കാൻ കേരളമുൾപ്പെടെ നാല് സ്ഥലങ്ങളിൽ മെഡിക്കൽ ഉപകരണ നിർമാണ പാർക്കുകൾ നിർമ്മിക്കാൻ കേന്ദ്രം 2019 നവംബറിൽ അനുമതി നൽകിയിരുന്നു. കേരളത്തിന് പുറമേ തെലങ്കാന,തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മെഡിക്കൽ ഉപകരണ നിർമാണ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. കേരളത്തിൽ തിരുവനന്തപുരം പളളിപ്പുറം തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലാണ് പാർക്ക് സ്ഥാപിക്കുന്നത്. ലോകോത്തര നിലവാരത്തിലുളള മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.