ന്യൂഡൽഹി: ലോകത്ത് കടുത്ത ആശങ്കയുയർത്തി പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ആറ് പേർക്ക് സ്ഥിരീകരിച്ചു. കർണാടകത്തിൽ മൂന്നു പേർക്കും ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒരോരുത്തർക്കുമാണ് പുതിയ വൈറസ് ബാധിച്ചത്. കൂടുതൽ പേരുടെ പരിശോധനാഫലം വരാനുണ്ട്.
നവംബർ 25 മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്ന് 33,000 പേരാണ് ഇന്ത്യയിലെത്തിയത്. ഇവരിൽ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകളിൽ രാജ്യത്തെ പത്ത് ലാബുകളിലാണ് ജനിതക പരിശോധന നടത്തിയത്. ബംഗ്ലുരു നിംഹാൻസിൽ മൂന്നു സാമ്പിളിലും, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയിൽ രണ്ട് സാമ്പിളിലും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ ഒരു സാമ്പിളിലുമാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇവരെ അതത് സംസ്ഥാനങ്ങളുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പ്രത്യേക മുറികളിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിലാണ്. ഇവരുടെ സഹയാത്രികർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെ കണ്ടെത്തുമെന്നും നിരീക്ഷണം, പരിശോധന, നിയന്ത്രണം തുടങ്ങിയവയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ വൈറസിനായി നിലവിലുള്ള ചികിത്സാ, പരിശോധനാ പ്രോട്ടോക്കോളുകളിൽ മാറ്റം വേണ്ടെന്നും കൂടുതൽ മെച്ചപ്പെട്ട നിരീക്ഷണം വേണമെന്നും നാഷണൽ ടാസ്‌ക് ഫോഴ്സ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടനിൽ നിന്ന് കർണാടകയിലെത്തിയ 1614 പേരിൽ 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർക്കാണ് പുതിയ വൈറസ് ബാധ.
തമിഴ്‌നാട്ടിൽ ബ്രിട്ടനിൽ നിന്നെത്തിയ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ഫലം കാത്തിരിക്കുകയാണ്. ഇവിടെ പുതിയ വൈറസ് ബാധിച്ച ആളെ കിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു.
@ബ്രിട്ടനിൽ നിന്ന് പടരുന്നു
ജനിതകമാറ്റം വന്ന വൈറസിനെ ആദ്യം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌തത്
ഡിസംബർ 20നാണ്. ഇത് ആദ്യ വൈറസിനേക്കാൾ എഴുപത് ശതമാനം കുടുതൽ വേഗതയിൽ പടരും. ഇപ്പോൾ ഡെൻമാർക്ക്, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയ്ൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലബനൺ,സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.
@ബ്രിട്ടനിലേക്കുള്ള വിമാന വിലക്ക് നീട്ടും
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ വൈറസ് സ്ഥിരീകരിച്ചതോടെ, ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ വിലക്ക് കേന്ദ്രം നീട്ടിയേക്കും. 31ന് ശേഷം കുറച്ച് ദിവസത്തേക്ക് കൂടി നിയന്ത്രണം നീട്ടിയേക്കാം. ദീർഘകാലത്തേക്കോ അനിശ്ചിത കാലത്തേക്കോ വിലക്ക് തുടരാനാകില്ലെന്നും കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ബ്രിട്ടനിൽ പുതിയ കൊവിഡ് പടർന്നതിന് പിന്നാലെ ഡിസംബർ 23 മുതലാണ് ഇന്ത്യ വിമാനസർവീസ് താത്കാലികമായി റദ്ദാക്കിയത്.
ഫലമറിയാൻ മൂന്നാഴ്ച;
ആദ്യ ബാച്ച് അയച്ചത് 22ന്
തിരുവനന്തപുരം: ബ്രിട്ടനിൽ നിന്നെത്തി കൊവിഡ് പോസിറ്റീവാകുന്നവർ ജനതികമാറ്റം വന്ന വൈറസ് ബാധിതരാണോയെന്നറിയാൻ മൂന്നാഴ്ച സമയമെടുക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. സ്രവം പൂനെ വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാണ് ജനതികമാറ്റംവന്ന വൈറസിനെ തിരിച്ചറിയുന്നത്. ഇന്നലെ രാവിലെ വരെ ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിലേക്ക് എത്തിയ 18 പേർക്കാണ് പോസിറ്റീവായത്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് കേസുകൾ പോസിറ്രീവായത്. 14 പേരുടെ സ്രവം പൂനെയിലേക്ക് അയച്ചു. മറ്റുള്ളവരുടേത് ഉടൻ അയയ്ക്കും. 22നാണ് ആദ്യ ബാച്ച് അയച്ചത്.
ഇന്നലെ വൈകിട്ട് ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരോട് സംസാരിച്ചപ്പോഴാണ് ആർ.ടി.പി.സി.ആറിനെക്കാൾ സങ്കീർണമായ പരിശോധനാ രീതിയാണിതെന്നും അതിനാൽ മൂന്നാഴ്ചവരെ സമയമെടുക്കുമെന്നും വിവരം ലഭിച്ചത്.
മന്ത്രി കെ.കെ. ശൈലജ
അതിതീവ്ര കൊവിഡിനെതിരെ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിച്ചു. നാല് വിമാനത്താവളങ്ങളിലും ജാഗ്രത പുലർത്തുന്നുണ്ട്. പോസിറ്റീവ് കേസ് വന്നാൽ നേരിടാൻ കേരളം സജ്ജമാണ്.പുതിയ വൈറസ് പെട്ടന്ന് പകരാൻ സാദ്ധ്യതയുണ്ട്. കടുത്ത ജാഗ്രത വേണം.
- മന്ത്രി കെ.കെ.ശൈലജ