
ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ പ്രശ്ന പരിഹാര ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യാക്കോബായ സഭാ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി.
യാക്കോബായ സഭയുടെ മെട്രോപൊലിറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സിനഡ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, മീഡിയ സെൽ ചെയർമാൻ ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മിസോറം ഗവർണർ പി.എസ് ശ്രീധരൻ പിള്ള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മിസോറം ഭവനിൽ ഇരുവിഭാഗങ്ങൾക്കും മിസോറം ഗവർണർ വിരുന്നൊരുക്കി.
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭാനേതൃത്വം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശുഭകരമായ, സമാധാനപരമായ പര്യവസാനമുണ്ടാകുമെന്നും തുല്യ നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. നീതി നിഷേധിക്കപ്പെട്ട സഭയെന്ന നിലയിൽ വിഷയങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ സാധിച്ചു. ശ്രദ്ധാപൂർവം അദ്ദേഹം അത് കേട്ടു. കേരള മുഖ്യമന്ത്രി കാണിച്ചതുപോലുള്ള തുറന്ന സമീപനമാണ് പ്രധാനമന്ത്രിയും കാണിച്ചത്. രേഖകൾ കൈമാറി. 50 പള്ളികൾ നഷ്ടപ്പെട്ടു. ഇപ്പോൾ തങ്ങളുടെ കൈവശമിരിക്കുന്ന പള്ളികൾ സംരക്ഷിക്കപ്പെടണം. പള്ളിപിടിത്തം തുടങ്ങിയ കാര്യങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികൾ വേണം.
കോടതി വിധികളിലെ നീതി നിഷേധമാണിവിടെ വിഷയം. സഭയുടെ അവകാശം,വിശ്വാസം എങ്ങനെ സംരക്ഷിക്കപ്പടുമെന്നതാണ് പരിഹരിക്കപ്പെടേണ്ടത്. സർക്കാരുകൾക്ക് ഇടപെട്ട് നിതീപൂർവമായി പരിഹരിക്കാനാവും. കേരളത്തിലെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യമില്ല: ശ്രീധരൻപിള്ള
സഭാ നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കിയതെന്നും രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
കേരളത്തിലെ പല തീരുമാനങ്ങളിലും വിവേചനം നേരിടുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു. . പ്രധാനമന്ത്രിയുടെ നിലപാടിൽ ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ സംതൃപ്തി പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ട്. പള്ളിത്തർക്കവുമായി ബന്ധമില്ലാത്ത കേരളത്തിലെ ഒരു പ്രമുഖ സഭയുടെ നേതൃത്വവും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.