
ന്യൂഡൽഹി: പുതിയ കൊവിഡ് വകഭേദം വേഗത്തിൽ പടരുന്നതിനാൽ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഡിസംബർ 9നും 22നും ഇടയിൽ ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരിൽ കൊവിഡ് പോസിറ്റീവായ എല്ലാവരെയും പുതിയ കൊവിഡ് വകഭേദം കണ്ടെത്താനുള്ള പരിശോധനയ്ക്ക് വിധേയമാക്കും. പത്തുലാബുകളാണ് ജീൻ പരിശോധനയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാരിൽ 5 ശതമാനത്തെ പുതിയ വകഭേദം കണ്ടെത്താനുള്ള പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ഇപ്പോൾ കണ്ടെത്തിയ കൊവിഡ് വാക്‌സിനുകൾ കൊവിഡ് വകഭേദത്തിനും ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ജനിതകമാറ്റം വന്ന കൊവിഡ് മോശമായി ബാധിക്കുമെന്നതിൽ ഒരു തെളിവും ഇതുവരെയില്ലെന്നും വൈറസിന് നിലവിലുണ്ടായ മാറ്റം ഇപ്പോഴത്തെ വാക്‌സിനുകളെ നിഷ്ഫലമാക്കാൻ പോന്നതല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളിൽ 63 ശതമാനം പുരുഷൻമാരും 37 ശതമാനം സ്ത്രീകളുമാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കൊവിഡ് മരണങ്ങളിൽ 70 ശതമാനം പേരും പുരുഷൻമാരാണ്. 55 ശതമാനം മരണങ്ങളും 60വയസിന് മുകളിലുള്ളവരിലാണെന്നും അദ്ദേഹം പറഞ്ഞു.