vaccine

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ അസാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിൽ വിജയകരമായി പൂ‌ർത്തിയാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. വാക്സിനേഷൻ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഡ്രൈ റൺ നടത്തിയത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധിനഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ (നവൻഷഹർ), അസമിലെ സോണിത്പൂർ, നൽബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്. താത്കാലിക ഗുണഭോക്താവിന്റെ ഡാറ്റ അപ്ലോഡ് ചെയ്യൽ, സെഷൻ സൈറ്റ് സൃഷ്ടിക്കൽ, വാക്സിൻ വിതരണം, വാക്സിനേറ്റർമാർക്കും ഗുണഭോക്താക്കൾക്കും ആശയവിനിമയം ഉറപ്പാക്കൽ, ഗുണഭോക്താക്കളെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിയത്.

പ്രവർത്തന മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ആസൂത്രണവും തയ്യാറെടുപ്പുകളും പരീക്ഷിച്ചു. കൊ-വിൻ ആപ്ലിക്കേഷനിൽ സൗകര്യങ്ങൾ ഒരുക്കലും ഉപയോക്താക്കളെ കണ്ടെത്തലും, സെഷൻ സൈറ്റ് സൃഷ്ടിക്കൽ, സൈറ്റുകളുടെ മാപ്പിംഗ്, ആരോഗ്യ പരിപാലന ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്സിനുകൾ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതും, സെഷൻ ആസൂത്രണം, വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ നടത്തി.