
ന്യൂഡൽഹി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളിൽ നിന്ന് പണം തട്ടിയെടുത്ത 26കാരൻ അറസ്റ്റിൽ. തെക്കൻ ഡൽഹി സ്വദേശിയായ സുമിത് ജായാണ് അറസ്റ്റിലായത്. ഡൽഹി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇൻസ്റ്റഗ്രാം അക്കൗണ്ട് സുമിത് ജാ ഹാക്ക് ചെയ്തുവെന്നും അതിൽ നഗ്‌നചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കൂടാതെ യുവതിയുടെ ഫോൺ കോൺടാക്ട് ലിസ്റ്റിലുള്ളവരോടും പ്രതി പണം ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് പ്രൊഫൈൽ ചിത്രം എടുത്ത് മോർഫ് ചെയ്ത് നഗ്‌ന ചിത്രമാക്കിയ ശേഷമായിരുന്നു ഭീഷണിപ്പെടുത്തൽ. ഇത്തരത്തിൽ നിരവധി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
പരാതിക്കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ടെലികോം സർവീസ് പ്രൊവൈഡറുടെ സഹായത്തോടെ പൊലീസ് പ്രതിയെ കണ്ടെത്തി. നേരത്തേയും ഇയാൾ സമാന കുറ്റകൃത്യത്തിന് പിടിയിലായിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ബിരുദധാരിയായ സുമിത് ഇന്റർനെറ്റ് വഴി വ്യക്തികളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയും പഠിച്ചെടുത്തിരുന്നു.