rajnath-singh

ന്യൂഡൽഹി : അതിർത്തി തർക്കം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന വ്യോമ സൈനിക സന്നാഹം ശക്തമാക്കിയതായതായി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ. മിസൈലുകളും റഡാറുകളും ചൈന എത്തിച്ചതോടെ ഇന്ത്യയും അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കിയെന്നും ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും ബദൗരിയ അറിയിച്ചു.

ഗാൽവനിൽ ചെയ്‌തതു പോലെ അതിർത്തി പിടിച്ചെടുക്കാനും പിന്നെ അവിടെ തർക്കഭൂമിയാണെന്ന് വാദിക്കാനുമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കാൻ നടന്ന നയതന്ത്ര - സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയിലും തീരുമാനമായില്ല.തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോംഗ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വദേശകാര്യമന്ത്രി സൂചിപ്പിച്ചത്. എട്ട് വർഷമെടുത്താണ് സുംദൊരോങ് ചു പ്രശ്‌നം പരിഹരിച്ചത്.

ചർച്ചയിൽ പുരോഗതിയില്ല : രാജ്‌നാഥ് സിംഗ്

ഇന്ത്യ - ചൈന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ചൈനയുമായി ഈ മാസം ആദ്യം ഓൺലൈൻ ചർച്ചയും നടന്നിരുന്നു. സമവായത്തിന് ചൈന തയാറല്ല. ലഡാക്കിലെ സ്ഥിതി പഴയപോലെ തുടരുകയാണ്. ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. ചർച്ച അടക്കമുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യക്കാവില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറവേൽപിക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല.