
ന്യൂഡൽഹി: സ്ഥിരം കമ്മിഷനിൽ ഉൾപ്പെടുത്തണമെന്നും അതിനാൽ വിരമിക്കൽ തടയണമെന്നും ആവശ്യപ്പെട്ടുള്ള പത്ത് നാവിക സേന വനിതാ ഉദ്യോഗസ്ഥരുടെ ഹർജിയിൽ വിരമിക്കൽ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഇന്ന് വിരമിക്കാനിരിക്കെയാണ് ഹർജിയുമായി ഉദ്യോഗസ്ഥകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഇന്ദിര ബാനർജി ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് കേസ് വീഡിയോ കോൺഫറൻസിംഗിലൂടെ പരിഗണിച്ചത്. നാവിക സേനയിൽ വനിതകളെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് നിയമിക്കണമെന്ന് കഴിഞ്ഞ മാർച്ച് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടു. എന്നാൽ കൊവിഡ് കണക്കിലെടുത്ത് ഇത് 31വരെ നീട്ടി. എന്നിട്ടും നടപടി ക്രമങ്ങൾ പൂർത്തിയാകാതെ വന്നതോടെ തങ്ങൾ സ്ഥിരം കമ്മിഷനിൽ ഉൾപ്പെടാതെ വിരമിക്കേണ്ടി വരുമെന്ന ഉദ്യോഗസ്ഥരുടെ ആശങ്കയാണ് ഹർജിയിലൂടെ സുപ്രീംകോടതിയെ അറിയിച്ചത്. കേസ് ജനുവരി 18ന് പരിഗണിക്കുന്നതിലേക്കായി മാറ്റി.