reliance

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ സമരത്തെ പിന്തുണച്ച് പഞ്ചാബിൽ റിലയൻസ് ജിയോ മൊബൈൽ ടവറുകൾ ആക്രമിച്ചുള്ള പ്രതിഷേധം തടയണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും കത്തെഴുതി റിലയൻസ് ഗ്രൂപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിയോ ടവറുകൾ ആക്രമിക്കപ്പെടുന്നെന്നും റിലയൻസ് ഗ്രൂപ്പിലെ ജീവനക്കാരെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. ലോക്ക് ഡൗൺ സമയത്ത് പോലും പഞ്ചാബിലെ ജനങ്ങൾക്ക് പൂർണ സേവനം ലഭ്യമാക്കിയ ജിയോയോട് ശത്രുതാ മനോഭാവത്തോടെ പെരുമാറരുതെന്നും കത്തിൽ പറഞ്ഞു. ടവറുകൾ നശിപ്പിക്കുന്നത് തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്നലെ വ്യക്തമാക്കിയിരുന്നു.

മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് കേന്ദ്ര സർക്കാറിന്റെ പുതിയ കാർഷിക നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണമാണ് കർഷകരെ പ്രകോപിപ്പിക്കുന്നതെന്നാണ് വിവരം. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. ജിയോക്ക് സംസ്ഥാനത്ത് 9000 ടവറുകൾ ഉണ്ട്. പ്രതിഷേധക്കാർ ജിയോ ഫൈബർ കേബിളുകൾ തകർത്തു. ഒരു ടവറിലെ ജനറേറ്റർ അക്രമികൾ എടുത്ത് ഗുരുദ്വാരയ്ക്ക് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.