covid-

 യു.പിയിൽ രണ്ടുവയസുകാരിക്കും പുതിയ വൈറസ്

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് വയസുകാരി ഉൾപ്പെടെ 14 പേർക്ക് കൂടി ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പുതിയ വൈറസ് ബാധിച്ചവർ 20 ആയി.

കർണാടക, ഡൽഹി, യു.പി, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കണ്ടെത്തിയത്. ചൊവ്വാഴ്ച കർണാടക, തമിഴ്നാട്, ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളിലായി ആറുപേർക്ക് സ്ഥിരീകരിച്ചിരുന്നു.

ഉത്തർപ്രദേശിലെ മീററ്റിലാണ് ലണ്ടനിൽ നിന്നെത്തിയ രണ്ടുവയസുകാരിക്ക് പുതിയ വൈറസ് ബാധിച്ചത്.കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയുടെ പല ഭാഗങ്ങളിലായി പത്തുപേർക്ക് പുതിയ വൈറസ് ബാധിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ഇന്നലെ നാലുപേരിൽ കൂടി പുതിയ വൈറസ് കണ്ടെത്തിയതോടെ കർണാടകത്തിൽ ആകെ രോഗബാധിതർ ഏഴായി. ശിവമോഗയിൽ ഒരു കുടുംബത്തിലെ നാലുപേർക്കാണ് രോഗം. സമ്പർക്കത്തിലുള്ള മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനാൽ പുതിയ വൈറസാണോ എന്നറിയാൻ സ്രവം പരിശോധനയ്ക്ക് അയച്ചു.
ഡൽഹിയിൽ പുതിയ വൈറസ് സ്ഥിരീകരിച്ച നാല് പേരെ എൽ.എൻ.ജെ.പി ആശുപത്രിയിലെ പ്രത്യേക മുറികളിൽ ക്വാറന്റൈൻ ചെയ്തു. പശ്ചിമബംഗാളിൽ കൊൽക്കത്ത മെഡിക്കൽ കോളേജിലെ ജീവനക്കാരന്റെ മകനാണ് രോഗബാധ.

ആളുകളെ കാണാനില്ല!

യു.പിയിൽ ബ്രിട്ടനിൽ നിന്നെത്തിയ 1655 പേരിൽ 1090 പേരെയാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇവരെ മേൽവിലാസം ഉപയോഗിച്ച് കണ്ടെത്താനാണ് ശ്രമം. ഉത്തരാഖണ്ഡിൽ ബ്രിട്ടനിൽ നിന്നെത്തിയ 227 പേരിൽ 25 പേരെ കണ്ടെത്തിയിട്ടില്ല. തെലങ്കാനയിൽ 1100 പേരിൽ 275 പേരെയും കർണാടയിൽ 2400ൽ 570ഓളം പേരെയും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങളിലും ഇതേ സ്ഥിതിയുണ്ട്.