കർഷകരുടെ ഭക്ഷണം പങ്കിട്ട് മന്ത്രിമാർ
ന്യൂഡൽഹി:പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഒരുമാസത്തിലേറെയായി തുടരുന്ന കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും നടത്തിയ ആറാമത്തെ ചർച്ചയും അന്തിമ ധാരണയാവാതെ പിരിഞ്ഞു. അതേസമയം കർഷകരുടെ നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ച കേന്ദ്ര സർക്കാർ തെല്ല് അയയുന്ന സൂചനയാണ് നൽകിയത്.
തലസ്ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ചുമത്തുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ സുപ്രധാന ആവശ്യങ്ങളിൽ ജനുവരി നാലിന് കൂടുതൽ ചർച്ച നടത്താനും തീരുമാനിച്ചു.
അതുവരെ കൂടുതൽ രൂക്ഷമായ സമരത്തിലേക്ക് കടക്കേണ്ടെന്നും കർഷക സംഘടനകൾ തീരുമാനിച്ചു. ചർച്ച ശുഭകരമായിരുന്നു എന്നാണ് കേന്ദ്രകൃഷി മന്ത്രി തോമറും കർഷക നേതാക്കളും ചർച്ചയ്ക്ക് ശേഷം പറഞ്ഞത്.
അതേസമയം, കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്നതടക്കമുള്ള പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഡൽഹി അതിർത്തിയിലെ സമരകേന്ദ്രത്തിൽ തന്നെ പുതുവത്സരം ആഘോഷിക്കുമെന്നും കർഷകർ വ്യക്തമാക്കി.
സമരകേന്ദ്രത്തിൽ നിന്ന് കർഷക നേതാക്കൾക്കായെത്തിച്ച ഭക്ഷണമാണ് കേന്ദ്രമന്ത്രിമാരായ തോമറും പിയുഷ് ഗോയലും സോം പ്രകാശും കഴിച്ചത്. മുൻ ചർച്ചകളിൽ കേന്ദ്രം ഒരുക്കിയ ഭക്ഷണം കർഷക നേതാക്കൾ നിരസിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയിൽ സംയുക്ത കിസാൻ മോർച്ചയിലെ 41 കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. പുതിയ കാർഷിക നിയമങ്ങൾ കാരണം കർഷകർ വഞ്ചിക്കപ്പെട്ടെന്ന പ്ലക്കാർഡുമായാണ് പഞ്ചാബിലെ കർഷക നേതാവ് ബൽദേവ് സിംഗ് സിർസ എത്തിയത്.
ചർച്ചയുടെ തുടക്കത്തിൽ കാർഷിക നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ച് മന്ത്രി തോമർ വിവരിച്ചതോടെ നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. അതോടെ, മന്ത്രി മറ്റു വിഷയങ്ങളിലേക്ക് കടന്നു.
പെട്ടെന്ന് റദ്ദാക്കാവുന്നതല്ല നിയമങ്ങൾ. കർഷകരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാമെന്നും താങ്ങുവില തുടരുമെന്ന് എഴുതി നൽകാമെന്നും
കേന്ദ്രം ആവർത്തിച്ചു. കടുത്ത തണുപ്പായതിനാൽ കുട്ടികളെയും സ്ത്രീകളെയും വയസായവരെയും മടക്കി അയയ്‌ക്കണമെന്ന് കൃഷിമന്ത്രി അഭ്യർത്ഥിച്ചു.