ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ ഇന്ത്യ എന്നിവർ നൽകിയ അപേക്ഷ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി അനുമതിക്ക് ശേഷമേ ഈ അപേക്ഷകൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അന്തിമ അനുമതിക്കായി പരിഗണിക്കൂ.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്ക മരുന്ന് കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. ഈ വാക്‌സിന് ഇന്നലെ ബ്രിട്ടൻ അനുമതി നൽകിയിരുന്നു.
ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ. ബ്രിട്ടനിൽ ഉപയോഗം തുടങ്ങിയ ഫൈസർ വാക്‌സിനാണ് മറ്റൊന്ന്.
സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ഇന്നലെ സമിതിക്ക് മുൻപിൽ പരീക്ഷണ ഫലം സംബന്ധിച്ച റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എന്നാൽ ഫൈസർ വാക്‌സിൻ കൂടുതൽ സമയം തേടി.
സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി
ജനുവരി ആദ്യത്തോടെ വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിന് മുന്നോടിയായുള്ള ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ വിജയകരമായി പൂർത്തിയാക്കി. അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയുള്ള ഈ അപേക്ഷകളിൽ ഉടൻ തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാറ് പൂനാവാല പറഞ്ഞു.
നിലവിൽ 50 മില്യൺ ഡോസ് വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചുകഴിഞ്ഞു.