muthalaq

ന്യൂഡൽഹി: മുത്തലാഖ് നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.

മുത്തലാക്ക് കേസിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം നിഷേധിച്ചത് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ നിർണായക ഉത്തരവ്. മുത്തലാഖ് കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പരാതിക്കാരിയായ സ്ത്രീയുടെ വാദം കേൾക്കണം. പരാതികാരിക്ക് നോട്ടീസ് അയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോയെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരം ഉണ്ടായിരിക്കും. മുത്തലാഖ് നിയമത്തിലെ 7 (സി) പ്രകാരം ഭർത്താവിനെതിരെ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ. ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ കേസെടുക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്ത്രീധനം ചോദിച്ച് ഭർത്താവും അമ്മയും പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി കൊച്ചി നോർത്ത് പരവൂർ പൊലീസിന് നൽകിയ പരാതിയാണ് ഹർജിക്ക് ആധാരം. 2016 മേയിലാണ് ഇരുവരും വിവാഹിതരായത്. ഒരു കുട്ടിയുണ്ട്. 2019ൽ ഡിസംബർ 5ന് ഭർത്താവ് മൊഴിചൊല്ലിയെന്നും സ്ത്രീധന പീഡനം നടത്തിയെന്നും യുവതി പരാതിപ്പെട്ടു. ഇതോടെ കേരള ഹൈക്കോടതി ഭർത്താവിനും ഭർതൃ മാതാവിനും മുൻ‌കൂർ ജാമ്യം നിഷേധിക്കുകയായിരുന്നു.

കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ 2017 മുതൽ ഭാര്യയുമായി അകന്നു കഴിയുകയാണെന്നായിരുന്നു ഭർത്താവിന്റെ വാദം. മുസ്ലിം വ്യക്തി നിയമപ്രകാരം മുത്തലാഖ് ചൊല്ലാതെ രണ്ടാമത് വിവാഹം കഴിക്കാൻ അവകാശമുണ്ട്. അങ്ങനെയാണ് 2020 ആഗസ്റ്റിൽ രണ്ടാമത് വിവാഹം കഴിച്ചത്. അതിനാൽ തന്നെ മുത്തലാഖ് നിയമ പ്രകാരം ഉള്ള കേസ് നിലനിൽക്കില്ലെന്നാണ് ഭർത്താവിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ ഭർത്താവിനോട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ മുൻ ഭർത്താവിന് ജാമ്യം അനുവദിച്ചു. അയാളുടെ അമ്മയ്ക്കും മുൻകൂർ ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.