
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കിയതിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടുവന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. കേരളത്തിലെ കർഷകരെ ബാധിക്കുന്ന വിഷയങ്ങൾക്കാണ് സംസ്ഥാന സർക്കാർ സമയം മാറ്റിവയ്‌ക്കേണ്ടത്. എല്ലാ കർഷകരും എ.പി.എം.സി നിയമപ്രകാരം ഉത്പന്നങ്ങൾ വിൽക്കണമെന്ന് കേരള സർക്കാരിന് നിർബന്ധമുണ്ടെങ്കിൽ സംസ്ഥാനത്ത് എ.പി.എം.സി ആക്ട് നടപ്പാക്കണമായിരുന്നു. അല്ലാതെ പൊതുപണം ദുരുപയോഗിക്കുകയല്ല വേണ്ടത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്നും മുരളീധരൻ വാർത്താ ഏജൻസിയോട് പറഞ്ഞു.