modi-

ന്യൂഡൽഹി: കൊവിഡ് കാലം കടന്നു പിറന്ന പുതുവത്സരത്തിൽ രാജ്യത്ത് വാക്സിൻ വിതരണം സംബന്ധിച്ച ശുഭപ്രഖ്യാപനത്തിനു കാതോർത്ത് രാജ്യം. ഈ മാസം തന്നെ വാക്സിൻ വിതരണം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവർഷത്തിന്റെ ആദ്യദിനങ്ങളിൽ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും.

വാക്‌സിനിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ ഇന്ത്യ എന്നിവ സമർപ്പിച്ച അപേക്ഷ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി പരിഗണിക്കുന്നത് ഇന്നാണ്. അതിനു ശേഷം പ്രധാനമന്ത്രിയിൽ നിന്നു തന്നെ പുതുവത്സര പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യ നൽകുന്ന സൂചന.

വാക്‌സിൻ വിതരണ പ്രക്രിയയുടെ തയ്യാറെടുപ്പ് വിലയിരുത്താൻ നാളെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറൺ നടക്കും. സംസ്ഥാന തലസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നു കേന്ദ്രങ്ങളിലായിരിക്കും ഡ്രൈറൺ. ഇതു സംബന്ധിച്ച് വിശദമായ മാർഗരേഖ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ കൂടുതലുള്ള കേരളത്തിലും മഹാരാഷ്ട്രയിലും തലസ്ഥാനങ്ങൾക്കു പുറമെ പ്രധാന നഗരങ്ങളിലും ഡ്രൈ റൺ നടത്തും.

ഡിസംബർ 28, 29 തീയതികളിലായി ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ നാലു സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം ആദ്യഘട്ട ഡ്രൈ റൺ നടത്തിയിരുന്നു. ഇത് വിജയകരമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ ഒരു കോടി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 30 കോടി മുൻഗണനാ വിഭാഗങ്ങൾക്കാണ് വാക്സിൻ നൽകുക. കുത്തിവയ്‌പു നൽകുന്നതിന് ഇതുവരെ 96,000 ത്തോളം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.

നാളെ നടക്കുന്ന ഡ്രൈറണ്ണിൽ, ഓരോ കേന്ദ്രത്തിലും ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ട 25 ആരോഗ്യപ്രവർത്തകർ ഭാഗമാകും. വാക്സിൻ സംഭരണം, വിതരണം, കൊ-വിൻ ആപ്പിന്റെ പ്രവർത്തനം, വാക്സിനേഷൻ, അടിയന്തര സാഹചര്യത്തെ നേരിടൽ തുടങ്ങി മുഴുവൻ ഘട്ടങ്ങളുടെയും പ്രവർത്തന സാദ്ധ്യത ഡ്രൈ റണ്ണിൽ വിശദമായി വിലയിരുത്തും.

പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവി ഷീൽഡ്, ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ, ഫൈസർ വാക്സിൻ എന്നിങ്ങനെ മൂന്ന് വാക്സിനുകൾ അടിയന്തര അനുമതിക്കായി മുന്നിലുണ്ടെങ്കിലും ഏതു മരുന്നിനാണ് ആദ്യം അനുമതി ലഭിക്കുകയെന്ന് വ്യക്തമല്ല.

കൊവിഡ് വാക്‌സിൻ വിതരണത്തിനായി 83 കോടി സിറിഞ്ചുകളാണ് ആദ്യഘട്ടമായി കേന്ദ്ര സർക്കാർ വാങ്ങുക.

2021ൽ മരുന്നിനൊപ്പം ജാഗ്രതയും എന്നതാണ് നമ്മുടെ മന്ത്രം. ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് ലഭ്യമാക്കും. വാക്‌സിൻ വിതരണ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എല്ലാ മുക്കിലും മൂലയിലും വേഗത്തിൽ ലഭ്യമാക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി