umar-khalid

ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയതിന് മനുഷ്യാവകാശ പ്രവർത്തകനും മുൻ വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി, താഹിർ ഹുസൈൻ എന്നിവർക്കൊപ്പം 2020 ജനുവരി എട്ടിന് ഷഹീൻ ബാഗിൽ ഒരു യോഗം സംഘടിപ്പിച്ചതായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ 100 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ.) ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ 50ലധികം പേർ കൊല്ലപ്പെട്ടിരുന്നു. സി.എ.എയ്‌ക്കെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം പൊലീസ് ക്രൂരമായി അടിച്ചമർത്തിയിരുന്നു.

ഈ സമയത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സി.എ.എ. വിരുദ്ധ പ്രകടനങ്ങളിൽ ഖാലിദ് പങ്കെടുത്തതായി കുറ്റപത്രത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ സംഘാടകർ ഖാലിദിന്റെ യാത്രയ്ക്കും താമസത്തിനുമുള്ള ചെലവുകൾ വഹിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 'ഡൽഹി സ്‌പോട്ടർ പ്രൊട്ടസ്റ്റ്' എന്ന പേരിൽ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതായും അതിലൂടെ അക്രമം ആസൂത്രണം ചെയ്തുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. രാഹുൽ റായ് എന്നയാളാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.

നേരത്തെ യു.എ.പി.എ. വകുപ്പുകൾ പ്രകാരം ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ മറ്റൊരു കുറ്റപത്രം സമർപ്പിച്ചിരുന്നു.