
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ എന്ന പെരുമയുള്ള കേണൽ (റിട്ട.) നരീന്ദർ കുമാർ (87) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു.' ബുൾ ' കുമാർ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ ആർമിയുടെ റിസർച്ച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവയ്ക്കു പുറമെ രാജ്യസുരക്ഷയ്ക്കു സഹായമാകുന്ന നിർണായക വിവരങ്ങൾ ശേഖരിക്കുന്ന സൈനികർക്കു നൽകുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1984ൽ സിയാച്ചിൻ കീഴടക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ തുരത്തുന്നതിൽ നരീന്ദർ വഹിച്ച പങ്ക് വളരെ വലുതാണ്. നരീന്ദർ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് സിയാച്ചിനിൽ ഇന്ത്യയുടെ ഭാഗമായിരിക്കുന്ന 10,000 ചതുരശ്ര കിലോമീറ്റർ പാകിസ്ഥാൻ കൈയടക്കിയേനെ. തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സോംവിഹാറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ മൃദുല. രാജ്യം കണ്ട ഏറ്റവും മികച്ച പർവതാരോഹകരുടെ പട്ടികയിലും അദ്ദേഹമുണ്ട്.
ചരിത്ര ദൗത്യം
1975- നരീന്ദർ കുമാർ അന്ന് കശ്മീരിലെ ഗുൽമർഗ് നാഷനൽ സ്കീ സ്കൂളിൽ പ്രിൻസിപ്പലാണ്. ആ സമയത്ത് ജർമ്മനിയിൽ നിന്നുള്ള രണ്ടു സാഹസിക യാത്രികർ കാശ്മീർ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയെ കാണാനെത്തി. ലഡാക്കിലെ മഞ്ഞുമലകളിൽ സ്കീയിംഗ് നടത്താൻ അനുമതി തേടിയെത്തിയതാണ്. അവരെ സഹായിക്കാൻ നരീന്ദറിനോട് മുഖ്യമന്ത്രി പറഞ്ഞു. ജർമ്മൻ സംഘം വിജയകരമായി സ്കീയിംഗ് നടത്തി. രണ്ടു വർഷത്തിനുശേഷം അവർ വീണ്ടും വന്നു. ഇൻഡസ് നദിയിൽ റാഫ്റ്റിംഗ് നടത്താൻ ഒപ്പം കൂടുന്നോ എന്നു ചോദിച്ചു. നദിയുടെ ദിശ രേഖപ്പെടുത്തിയ ഭൂപടം അവർ നരീന്ദർ കുമാറിനെ കാണിച്ചു. സിയാച്ചിൻ പൂർണമായി പാകിസ്ഥാന്റേതാണെന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു! സിയാച്ചിനിൽ പർവതാരോഹണത്തിനു പാകിസ്ഥാൻ തങ്ങൾക്കു ലൈസൻസ് നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞതോടെ നരീന്ദർ കുമാർ വിവരം ഡൽഹിയിൽ അറിയിച്ചു. തുടർന്ന് 1984ൽ സിയാച്ചിൻ പിടിച്ചെടുക്കാനുള്ള പാകിസ്ഥാൻ സൈനിക നീക്കത്തെ തുരത്താൻ (ഒാപ്പറേഷൻ മേഘ്ദൂത്) അദ്ദേഹം ഇന്ത്യൻ സേനയ്ക്കു കരുത്തേകുകയും ചെയ്തു. കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നൽകി – കുമാർ ബേസിൻ.