
ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള ആറാംഘട്ട ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ, പുതുവത്സര ദിനത്തിലും വർദ്ധിത വീര്യത്തോടെ സമരം തുടരുന്ന കർഷകരും പൊലീസുമായി ഏറ്റുട്ടൽ. രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലാണ് സംഘർഷമുണ്ടായത്. ഡൽഹി - ജയ്‌പൂർ ദേശീയപാതയിൽ ഉപരോധം നടത്തുന്ന കർഷകരിൽ ഒരുവിഭാഗം ബാരിക്കേഡുകൾ തള്ളിനീക്കി ഡൽഹിക്ക് പ്രകടനമായി നീങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. കർഷകസംഘത്തിനെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി കർഷകർ ആരോപിച്ചു. കഴിഞ്ഞ 18 ദിവസമായി ഇവിടെ സമരത്തിലാണ് കർഷകർ. രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുമടക്കമുള്ള കർഷകർ ഇവിടെ തമ്പടിച്ചിട്ടുണ്ട്.
എന്നാൽ 25 ഓളം ട്രാക്ടർ ഉപയോഗിച്ച് നൂറുകണക്കിന് കർഷകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സമരക്കാരെ ലാത്തിച്ചാർജ്ജ് ചെയ്തിട്ടില്ലെന്നും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഗംഗാനഗറിൽ നിന്നുള്ള ഏതാനും യുവകർഷകരാണ് ഡൽഹിക്ക് നീങ്ങാൻ ശ്രമിച്ചതെന്ന് കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ കമ്മിറ്റി വക്താവ് പറഞ്ഞു. കർഷകർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തെ നേതാക്കൾ അപലപിച്ചു.
പുതുവത്സരാഘോഷമില്ല
അതിശൈത്യത്തെ അവഗണിച്ച്, പുതുവത്സരാഘോഷം ഉപേക്ഷിച്ച് ഡൽഹിയിലെ സിംഘു അടക്കമുള്ള അഞ്ച് അതിർത്തികളിലും സമരം ശക്തമായി തുടരുകയാണ്. പുതുവർഷത്തിന്റെ ഒരാരവും സമരകേന്ദ്രങ്ങളിലുണ്ടായില്ല. തിങ്കളാഴ്ച വീണ്ടും ചർച്ച നടക്കുന്നതിനാൽ സംസ്ഥാന-ജില്ലാതലങ്ങളിൽ റാലികളും മാർച്ചുകളും സംഘടിപ്പിക്കാനും ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു.