vaccine

 വാക്സിൻ കുത്തിവയ്പ്പ് വിജയകരമാക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

 വാക്സിൻ ഉടനെന്ന് എയിംസ് ഡയറക്ടർ

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ അനുമതി ഉടനെന്ന് സൂചിപ്പിച്ച് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. വാക്‌സിനുകൾ അടിയന്തര അനുമതി നൽകുന്നതിനുള്ള വിദഗ്ധ സമിതി യോഗം ചേരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഓക്‌സ്‌ഫോർഡ് വാക്‌സിന് ബ്രിട്ടനിൽ അനുമതി ലഭിച്ചത് സന്തോഷകരമായ വാർത്തയാണ്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലും അതേ വാക്‌സിൻ വികസിപ്പിക്കുന്നുണ്ട്. ഈ വാക്‌സിൻ രണ്ട് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കാനാവും. അതിനർത്ഥം ഈ വാക്‌സിൻ എളുപ്പത്തിൽ സംഭരിക്കാനും എത്തിക്കാനും കഴിയും. മൈനസ് 70 ഡ്രിഗ്രി സെൽഷ്യസ് ആവശ്യമായ ഫൈസറിനെ അപേക്ഷിച്ച് ഈ വാക്സിൻ സാധാരണ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാക്സിൻ വിതരണത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഗുജറാത്തിലെ രാജ്കോട്ടിൽ എയിംസ് ഉദ്ഘാടനത്തിനിടെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഒന്നിച്ചു നിന്നാൽ, ഏറ്റവും കടുപ്പമേറിയ പ്രതിസന്ധിയെയും ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് കഴിഞ്ഞവർഷം തെളിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഫലപ്രദമായ നടപടികളെ തുടർന്ന് ഇന്ത്യ മികച്ച നിലയിലാണെന്ന്. കൊവിഡ് ബാധിതരെ സംരക്ഷിച്ച ഇന്ത്യയുടെ നേട്ടം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ്. വാക്‌സിനുവേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. അത് എല്ലാ മുക്കിലും മൂലയിലും വേഗത്തിൽ എത്തും. ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ കാമ്പയിൻ നടത്തുന്നതിന് ഇന്ത്യയുടെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം നാം കൊവിഡ് ബാധ തടയാൻ ശ്രമിച്ചതുപോലെ തന്നെ പ്രതിരോധ കുത്തിവയ്പ്പ് വിജയകരമാക്കാൻ ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിനെതിരെ പോരാടുന്ന ദശലക്ഷക്കണക്കിന് ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശൃചീകരണത്തൊഴിലാളികൾ, മറ്റ് മുൻനിര കൊറോണ പോരാളികൾ എന്നിവരുടെ ശ്രമങ്ങളെയും ശാസ്ത്രജ്ഞരുടെയും, ഈ പ്രതിസന്ധി ഘട്ടത്തിൽ പൂർണ മനസോടെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയ എല്ലാവരുടെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.