
കോലഞ്ചേരി: സ്വയംതൊഴിൽ ട്രെൻഡിൽ നേട്ടം കൊയ്ത് വളർത്തുമൃഗ വില്പന മേഖല. ആട്, പശു, കോഴി തുടങ്ങി അരുമയായ വളർത്തുപക്ഷികൾക്ക് വരെ വൻ ഡിമാൻഡാണിപ്പോൾ. പല വർളർത്ത് മൃഗങ്ങളേയും പക്ഷികളേയും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. അതേസമയം, എല്ലാത്തരം വളർത്ത് മൃഗങ്ങൾക്കും വില്പന വലയും ഉയർന്നു. ഇത് നിരവധി കർഷകരെയാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റിത്. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാനായാണ് പലരും സ്വയം തൊഴിൽ സംരംഭത്തിലേക്ക് ചുവട് മാറ്റിയത്. അരുമകളായ പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് ലോക്ക്ഡൗണിന് ശേഷം ഉണ്ടായിട്ടുള്ളതെന്ന് ഈ രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
വില കുതിച്ചു
10 മാസം മുമ്പ് 4000 രൂപ വില ഉണ്ടായിരുന്ന മലബാറി ആടിന് ഇപ്പോൾ 10,000 രൂപ മുതൽ 12,000 രൂപ വരെയായി ഉയർന്നു. പശുക്കളെ വളർത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. നേരത്തെ ഒരു വെച്ചൂർ കിടാവിന് 18,000 രൂപയായിരുന്നു വില. ഇപ്പോൾ മോഹവിലയായി. 30,000 രൂപ മുതൽ 35,000 രൂപ വരെയാണ് വില. മറ്റ് നാടൻ പശുക്കളുടെ കിടാവിന് 15,000 രൂപവരെ ഉയർന്നു. ഇറച്ചിക്കോഴി മേഖലയിൽ കോഴിത്തീറ്റയുടെ ക്ഷാമത്തിനിടയിലും കോഴിക്കുഞ്ഞിന്റെ വിലയിൽ വർദ്ധനവുമുണ്ടായി. സെപ്തംബർ ആദ്യവാരം ഒരു കോഴിക്കുഞ്ഞിന് 20 രൂപയായിരുന്നു വില. കഴിഞ്ഞ മാസം ഇത് 55 രൂപ വരെ എത്തി. സമാനമായാണ് അരുമകളുടെ കാര്യവും.
കൂണുപോലെ
പെറ്റ് ഷോപ്പുകൾ
നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പെറ്റ് ഷോപ്പുകൾ കൂണു പോലെയാണ് ഗ്രാമീണ മേഖലകളിൽ മുളച്ചു പൊന്തിയത്. പെരുമ്പാവൂർ, പുത്തൻകുരിശ് റൂട്ടിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 10 ലധികം പെറ്റ് ഷോപ്പുകളാണ് തുറന്നത്. പട്ടിമറ്റത്ത് മാത്രം നാല് ഷോപ്പ് തുറന്നു. ലോക്ക് ഡൗൺ കാലത്ത് വൻ നഷ്ടം നേരിട്ടവരാണിവർ. വിദേശ ഇനം പക്ഷികളെയാണ് ഇത്തരം കടകളിൽ കൂടുതലായും വിറ്റഴിക്കുന്നത്. ഇവയ്ക്കുള്ള തീറ്റയും, മരുന്നുകളും കൃത്യമായി ലഭിക്കാത്തതിനാൽ നിരവധി പക്ഷികൾ ലോക്ക്ഡൗണിൽ ചത്ത് പോയിരുന്നു. വിപണി നിലച്ചതോടെ വ്യാപാരം പ്രതിസന്ധിയിലായി. എന്നാൽ ലോക്ക് ഡൗൺ പിൻവലിച്ചതിന് പിന്നാലെ പലരും അരുമകളെ വളർത്താൻ തുടങ്ങിയതോടെയാണ് വിപണി ഉഷാറായത്.