
കിഴക്കമ്പലം: ക്രമസമാധാന പാലനം. കൊവിഡ് ഡ്യൂട്ടി. ഒപ്പം തിരഞ്ഞെടുപ്പ് ജോലി. വിശ്രമില്ലാത്ത ജോലിയിൽ വീർപ്പുമുട്ടി പൊലീസ്. സിറ്റിയിലും റൂറലിലുമായി രണ്ടായിരത്തിലധികം സേനാംഗങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ പകുതിയിലധികവും കൊവിഡ് സംബന്ധമായ പരിശോധനകൾക്കും കേസന്വേഷണങ്ങൾക്കും പിറകെയാണ്.ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളവരുമുണ്ട്. ഇതിനിടെ സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനും രംഗത്തിറങ്ങേണ്ടി വന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയതോടെ പൊലീസിന്റെ ജോലി ഇരട്ടിച്ചു. മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പുകളിലും പൊലീസ് സേനാംഗങ്ങൾക്ക് ജോലി ചെയ്യേണ്ടി വന്നു. ഇന്ന് തിരഞ്ഞെടുപ്പ് ചിത്രം പൂർത്തിയാകുന്നതോടെ ഇവർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. എന്നാൽ റൂറൽ ജില്ലയിലെ കിഴക്കമ്പലം മേഖലയിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ സേനയെ വിന്യസിക്കും. ട്രെയിനിംഗിനെത്തിയ പൊലീസുകാരെയടക്കം ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. വോട്ടെണ്ണലിന് ശേഷവും ചില മേഖലകളിൽ പൊലീസ് സംഘർഷം പ്രതീക്ഷിക്കുന്നുണ്ട്.