കോലഞ്ചേരി: മൈക്കിനും വേണം സാനിറ്റൈസർ, നിർദ്ദേശം കടുപ്പിച്ച് മുന്നണികൾ. തിരഞ്ഞെടുപ്പു യോഗങ്ങളിലും പ്രചാരണത്തിലും ഉപയോഗിക്കുന്ന മൈക്കുകളും തുടർച്ചയായി സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നാണ് സ്ഥാനർത്ഥികൾക്ക് മുന്നണി നേതൃത്വം നിർദ്ദേശം നൽകിയത്. നിലവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനം അതു വർദ്ധിക്കാൻ കാരണമാകാതെ നോക്കണമെന്നാണു നിർദേശം. വീടുതോറുമുള്ള സ്ഥാനാർത്ഥി സന്ദർശനത്തിനു കൂടെപോകുന്നവർ സ്വന്തം ആരോഗ്യവും വീട്ടുകാരുടെ ആരോഗ്യവും കണക്കിലെടുക്കണം പ്രായമുള്ളവരുടെ സമീപം വോട്ടുചോദിക്കാനെത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാർഡ്, ബൂത്തുതല കൺവൻഷനുകളിൽ 65 വയസിനു മുകളിലുള്ളവരെ പങ്കെടുപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം. എല്ലാ യോഗ സ്ഥലത്തും സൗകര്യപ്രദമായ രീതിയിൽ രണ്ടിടത്തു സാനിറ്റൈസർ സംവിധാനം ഉറപ്പാക്കണം. നോതാക്കൾ പോക്കറ്റിൽ സാനിറ്റൈസർ കരുതണം, രോഗപ്രതിരോധചട്ടം നിസാരമായി കാണരുത്. കുടുംബ യോഗങ്ങൾക്കു ചെറിയ കുട്ടികളെ കൊണ്ടുവരാൻ പാടില്ല. കുടുംബ യോഗങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുക്കുന്നതിനാൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.
നിർദ്ദേശം കടുപ്പിച്ച് മുന്നണികൾ
ഒരാൾ പ്രസംഗിച്ചു കഴിഞ്ഞാൽ മൈക്രോഫോണിൽ സാനിറ്റൈസർ സ്‌പ്രെ ചെയ്ത ശേഷം വേണം അടുത്തയാൾ പ്രസംഗിക്കാൻ. മാസ്‌ക് താഴ്ത്താതെ തന്നെ പ്രസംഗിക്കണം. കൊവിഡ് പ്രതിരോധചട്ടം പാലിക്കാൻ പരിപാടികളുടെയും യോഗങ്ങളുടെയും എണ്ണം കൂട്ടിയാലും ആളുകളുടെ എണ്ണം വർദ്ധിക്കാതെ നോക്കണമെന്നും പ്രാദേശിക, ബൂത്തുതല കമ്മിറ്റികൾക്കു നേതൃത്വം നിർദ്ദേശം നൽകി.