omana
സി. ഓമന

ആലുവ: ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രിക്ക് ആതിഥ്യമരുളുന്ന വാർഡാണ് മണപ്പുറം അഞ്ചാം വാർഡ്. ഇവിടെ സ്വന്തം മുന്നണി സ്ഥാനാർത്ഥി വിജയിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. എന്നാൽ സ്ഥിരമായി ആർക്കും പിടികൊടുക്കാതെ ആടിക്കളിക്കുന്ന വാർ‌ഡാണിതെന്നതാണ് പ്രത്യേകത.എൽ.ഡി.എഫിനായി സി.പി.എമ്മിലെ ദിവ്യ സുനിലും യു.ഡി.എഫിനായി സി. ഓമനയും എൻ.ഡി.എക്കായി ഉമ ലൈജിയും തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്.

സി. ഓമന നിലവിൽ നഗരസഭ വൈസ് ചെയർപേഴ്സനാണ്. ഉമ ലൈജി 2010 -15ൽ ഈ വാർഡിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു. കഴിഞ്ഞ തവണ സി.പി.ഐ അഡ്വ. മനോജ് ജി. കൃഷ്ണൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച വാർഡാണിത്. കോൺഗ്രസിലെ കെ.പി. അരവിന്ദാക്ഷനെ 234 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മനോജ് പരാജയപ്പെടുത്തിയത്. അരവിന്ദാക്ഷൻ 163 വോട്ട് നേടിയപ്പോൾ എൻ.ഡി.എയിലെ എം.ജി. രമേശൻ 98 വോട്ടും നേടി. എന്നാൽ 2010ൽ ഇതേവാർഡിൽ നിന്നും ഉമാ ലൈജി 25 വോട്ടിന് എൽ.ഡി.എഫിലെ പി. ശാരദയെ പരാജയപ്പെടുത്തി. 2005ൽ മണപ്പുറം ഉൾപ്പെടുന്ന ഗണപതി ടെമ്പിൾ വാർഡ് എൽ.ഡി.എഫിലെ അലിയാർ മാസ്റ്റർ എട്ട് വോട്ടിന് ജയിച്ചു. കോൺഗ്രസിലെ കെ.പി. അരവിന്ദാക്ഷനെയാണ് അന്ന് പരാജയപ്പെട്ടത്.

നിലനിർത്താൻ എൽ.ഡി.എഫ്

കഴിഞ്ഞ തവണ നേടിയ റെക്കോ‌ർഡ് ഭൂരിപക്ഷം നിലനിർത്താൻ ദിവ്യയെ കളത്തിലിറക്കി എൽ.ഡി.എഫ് കളി തുടങ്ങി.ദിവ്യ സുനിൽ മാലി ദ്വീപിൽ അദ്ധ്യാപികയായിരുന്നു.

തിരിച്ചുപിടിക്കാൻ യു.ഡി.എഫ്

ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന വാർഡിനെ കോൺഗ്രസ് വളയത്തിൽ ശക്തമായി നിലനിർത്താനാണ് സി. ഓമനയിലൂടെ യു.ഡി.എഫ് ശ്രമിക്കുന്നത്. ആറാം വട്ടമാണ് ഓമന നഗരസഭയിലേക്ക് മത്സരിക്കുന്നത്.

അട്ടിമറക്കായി എൻ.ഡി.എ

2010ൽ തന്നെ വിജയിപ്പിച്ച വാർഡ് ഇത്തവണയും തന്നെ കൈവിടില്ലെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഉമാ ലൈജി പറയുന്നത്. എൻ.ഡി.എ വിജയിക്കുമെന്ന് അവകാശപ്പെടുന്ന വാർഡുകളിലൊന്നാണ് മണപ്പുറം വാർഡ്.