 
അങ്കമാലി: ഇടതുകര കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതിന് മുമ്പേ വെള്ളം തുറന്ന് വിട്ടതിനാൽ കനാലിലെ മാലിന്യക്കൂമ്പാരം മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു. കനാലിന്റെ വാഴച്ചാൽഭാഗം മുതൽ പലയിടങ്ങളിലും അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ബ്രാഞ്ച് കനാൽ തിരിയുന്ന ഷട്ടറിന് മുൻപിലാണ് വൻതോതിൽ മാലിന്യം വന്നടിഞ്ഞിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും കനാലിലെ മാലിന്യം നീക്കംചെയ്യുന്നത്.
ഈ വർഷം പണികൾ ആരംഭിക്കുവാൻ വൈകിയിരുന്നു. സാധാരണ ഗതിയിൽ ഒക്ടോബർ പകുതിയോടെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടാറുണ്ട്. ഈ വർഷം കനാൽ നവീകരണം വൈകിയതിനാൽ നവംബറിലാണ് വെള്ളം തുറന്നുവിട്ടത്. ഇതുമൂലം കാർഷിക വിളകൾക്ക് വെള്ളമെത്തിക്കാൻ കഴിയാതെ കർഷകർ വലഞ്ഞിരിക്കുകയാണ്. കനാൽ നവീകരണം ദ്രുതഗതിയിൽ നടക്കുന്നുന്നതിനിടയിലാണ് വെള്ളം തുറന്നുവിട്ടത്.
# മാലിന്യമടിഞ്ഞ് ഒഴുക്കുനിലച്ചു
മഴക്കാലത്ത് വന്നടിഞ്ഞ മരങ്ങളും കമ്പുകളും ഷട്ടറിൽ വന്നടിഞ്ഞത് നീക്കം ചെയ്യാത്തതിനാൽ വെള്ളത്തിലൂടെ വന്ന മറ്റു മാലിന്യങ്ങളും ഷട്ടറിൽ കൂടിക്കിടക്കുകയാണ്. ഇതുമൂലം കനാലിലെ ഒഴുക്ക് നിലച്ച നിലയിലാണ്. ഒഴുക്ക് കുറഞ്ഞതിനാൽ വാഴച്ചാൽ മുതൽ പന്തയ്ക്കൽ വരെയുള്ള ഭാഗത്ത് കനാലിൽ ചോർച്ചയും രൂക്ഷമാണ്. ഇതിനിടയിലുള്ള ഓവുപാലത്തിന് താഴെ നിരവധിയിടങ്ങളിലാണ് കനാൽ ചോർന്ന് വെള്ളം പുഴത്തേക്ക് ഒഴുകിപ്പോകുന്നു. മാലിന്യം കിടക്കുന്നതിനാൽ ഷട്ടറിനുള്ളിലൂടെ നാമമാത്രമായ വെള്ളം ഒഴുകുന്നുണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്തേക്ക് കനാൽ നവീകരണം ആരംഭിച്ചിട്ടില്ലാത്തതിനാൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് വെള്ളം എത്തുന്നില്ല. അതിനാൽ മാമ്പ്ര, പുളിയനം, പാറക്കടവ് പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ടില്ല. നീരാഴുക്ക് ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിൽ കിണറുകളിലെ വെള്ളം ഏറ്റവും അടിത്തട്ടിലാണ്. എത്രയുംവേഗം കനാൽ നവീകരണം പൂർത്തിയാക്കി കനാലിലൂടെ സുഗമമായി ജലമൊഴുക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.