കളമശേരി: ഏലൂർ നഗരസഭയിൽ സൗപർണികയിലെ ഡോ. ഗോപിനാഥ് സോമനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥികൾ ആരും അന്യരല്ല. ആരോടുമില്ല പ്രീണനം.
തിരഞ്ഞെടുപ്പു ഉത്സവമായാൽ ഓരോ സ്ഥാനാർത്ഥികളും പ്രചരണ ബോർഡും പോസ്റ്ററുകളുമായി വരും. ഡോക്ടറെ ഈ ബോർഡ് മുറ്റത്ത് വച്ചോട്ടേ, പോസ്റ്റർ മതിലിൽ ഒട്ടിച്ചോട്ടേ... ഡോക്ടർ തലകുലുക്കി സമ്മതിക്കും.
ലോക്‌സഭയായാലും നിയമസഭയായാലും പഞ്ചായത്താലും എല്ലാ തിരഞ്ഞെടുപ്പിലും ഇതുതന്നെ സ്ഥിതി. ഈ മുറ്റത്ത് പ്രചരണ ബോർഡുകളുണ്ടാകും. എന്തെങ്കിലും ബന്ധങ്ങൾ കാണും. കൂടെ പഠിച്ചവരാകാം, പരിചയക്കാരാകാം , ചികിത്സ തേടിവന്നിട്ടുള്ളവരുണ്ടാകാം നോ പറയാറില്ല.
ഏഴാംവാർഡിൽ ഇത്തവണ വനിതാ സംവരണമായതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥി ലളിത ചന്ദ്രശേഖരനാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭന ബാലകൃഷ്ണനും രണ്ടുപേരും ഒരേ കുടുംബക്കാർ തന്നെ. എടക്കത്താളത്ത് കുടുംബക്കാർ തമ്മിലാണ് മത്സരം. മുൻ എൽ.ഡി.എഫ് കൗൺസിലറും ഇതേ കുടുംബാംഗം തന്നെയായിരുന്നു. ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന വാർഡാണിത്. എൽ.ഡി.എഫിനുവേണ്ടി രംഗത്തുള്ളത് ജയശ്രീ സതീശനാണ്.