 
ആലുവ: ഒപ്പത്തിനൊപ്പം പോരാടിയ വിമതന്റെ സാന്നിദ്ധ്യത്തിൽ നഷ്ടമായ സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസും കൈപ്പിടിയിലായ സീറ്റ് എതുവിധേനയും നിലനിർത്താൻ എൽ.ഡി.എഫും അരയും തലയും മുറുക്കി രംഗത്തുള്ള വാർഡാണ് ആലുവ നഗരസഭയിലെ മാധാവപുരം 17 -ാം വാർഡ്.
എൻ.ഡി.എ സ്ഥാനാർത്ഥി പോലുമില്ലാതെ ഇവിടെ കോൺഗ്രസിലെ ബിനു ജോസും എൽ.ഡി.എഫിലെ ലീന വർഗീസും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് ഇക്കുറി. കോൺഗ്രസ് വിമതൻ കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിലാണ് 2015ൽ എൽ.ഡി.എഫിലെ രാജീവ് സക്കറിയ ഒരു വോട്ടിന് ഇവിടെ വിജയകിരീടം ചൂടിയത്. രാജീവ് സക്കറിയ 215 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ കോൺഗ്രസ് വിമതൻ ജോബി ജോർജിന് ലഭിച്ചത് 214 വോട്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഒൗദ്യോഗിക സ്ഥാനാർത്ഥി ആനന്ദ് ജോർജിന് 205 വോട്ടും ലഭിച്ചു. ശക്തമായ കോൺഗ്രസ് അടിത്തറയുള്ള വാർഡിൽ പുറത്തുനിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കിയതിനെതിരായ വികാരമാണ് എൽ.ഡി.എഫിന് വിജയം സമ്മാനിച്ചത്. 2010ൽ കോൺഗ്രസിലെ ടിമ്മി ടീച്ചർ 78 വോട്ടിന് എൽ.ഡി.എഫിലെ ഫൗസിയ അബൂബക്കറെ പരാജയപ്പെടുത്തി. 2005ൽ മാധവപുരം ഉൾപ്പെടുന്ന പഴയ 15 -ാം വാർഡിൽ എൽ.ഡി.എഫിനായിരുന്നു വിജയം. സി.പി.എമ്മിലെ വി. സലീം 144 വോട്ടിനാണ് വിജയിച്ചത്.
സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ്
കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റായ ബിനു ജോസ് വീട്ടിൽ തയ്യൽ ജോലി ചെയ്യുകയാണ്. വിമത ശല്യമില്ലാത്തതിനാൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും വൻ ഭൂരിപക്ഷത്തോടെ സീറ്റ് തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് കോൺഗ്രസും കരുതുന്നു.
സീറ്റ് നിലനിർത്താൽ എൽ.ഡി.എഫ്
ആലുവയിലെ മുതിർന്ന അഭിഭാഷകൻ എം.ബി. സുദർശനകുമാറിന്റെ ഓഫീസിലെ ക്ളർക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ലീന വർഗീസ്. കഴിഞ്ഞ തവണ ഒരു വോട്ടിനാണ് രാജീവ് സക്കറിയ ജയിച്ചതെങ്കിലും നഗരസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ഇക്കുറിയും നല്ല ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയം ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.