jankar
മുനമ്പം അഴീക്കോട് ജങ്കാർ

വൈപ്പിൻ: ഒന്നോ രണ്ടോ ആഴ്ചയല്ല രണ്ടരവർഷമാണ് മുനമ്പം അഴീക്കോട് ഫെറിയിലെ ജങ്കാർ ഓടാതായിട്ട്. കോടികൾ മുടക്കി വാങ്ങിയ ജങ്കാർ ഓട്ടം നിലച്ച് ഇത്രയുംകാലം കെട്ടിയിട്ടത് ഫെറിയിലെ കുറ്റി മറിഞ്ഞ്‌ പോയതിനാലാണ്. ജെട്ടിയിലെ കുറ്റി മാറ്റി സ്ഥാപിക്കുന്നതിന് രണ്ടരവർഷമാണ് എടുത്തത്. 37 ലക്ഷം രൂപ ചിലവിൽ മുനമ്പം ഭാഗത്തും അഴീക്കോട് ഭാഗത്തും കുറ്റികൾ സ്ഥാപിച്ചു. അപ്പോഴേയ്ക്കും രണ്ടര വർഷമായി ഓടാതിരുന്ന ജങ്കാറിന് റിപ്പയർ ആവശ്യമായി വന്നു. ഇതിനായി ജങ്കാർ കൊച്ചി ഷിപ്പിയാഡിൽ കയറ്റി. റിപ്പയർ പൂർത്തിയാക്കി ജങ്കാർ കഴിഞ്ഞദിവസം ജെട്ടിയിലെത്തിച്ചു. അപ്പോൾ കുറ്റികൾക്ക് ചുറ്റും പഴയ ടയറുകൾ പിടിപ്പിക്കണമെന്നായി സർവ്വീസ് കോൺട്രാക്ടറുടെ നിർദ്ദേശം. ഇനിയിപ്പോൾ ടയറുകൾക്കായി കാത്തിരിപ്പാണ്.
തൃശൂർ എറണാകുളം അതിർത്തിയിലുള്ള ഫെറി സർവ്വീസ് തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ്. സാങ്കേതിക കാര്യങ്ങൾ നിർവഹിക്കുന്നത് ഹാർബർ എൻജിനിയറിംഗ് വകുപ്പാണ് .ഇരു കൂട്ടരുടേയും കെടുകാര്യസ്ഥതയാണ് ഏറെ തിരക്കേറിയ ഈ റൂട്ടിൽ വർഷങ്ങളായി സർവ്വീസ് മുടങ്ങുന്നതിന് കാരണം.

ചുറ്റി വളഞ്ഞുള്ള യാത്ര ദുഷ്കരം
മുനമ്പം മത്സ്യമേഖലയിൽനിന്നുള്ള ചരക്കുകൾ വടക്കോട്ടുള്ള നാനജില്ലകളിലേക്കും കർണാടകയിലേക്കും കൊണ്ടുപോകുന്നത് ഈ ജങ്കാർ വഴിയാണ്. ജങ്കാർ ഇല്ലാത്തതിനാൽ മാല്ല്യങ്കര, മൂത്തകുന്നം, കൊടുങ്ങല്ലൂർ വഴി ചുറ്റിതിരിഞ്ഞാണ് വാഹനങ്ങൾ പോകുന്നത്. അവിടവിടെ മണൽതിട്ടകൾ ഉള്ള അഴിമുഖത്തുകൂടി സാധാരണ ബോട്ടുകളോ വഞ്ചിവഴിയോ ഫെറികടക്കുന്നതിനേക്കാൾ യാത്രക്കാർക്ക് സുരക്ഷിതം ജങ്കാർ വഴിയുള്ളയാത്രയാണ്. ഇതിനാൽ പൊതുജനങ്ങൾക്കും ജങ്കാർ സർവ്വീസിനോടാണ് പ്രിയം.