# കസ്റ്റഡിയിൽ വാങ്ങില്ല, ജയിലിലെത്തി ചോദ്യംചെയ്യും
ആലുവ: ആലുവയിൽനിന്നും മാരകവീര്യമേറിയ എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയ കേസിന്റെ തുടർ അന്വേഷണം എറണാകുളം അസി. എക്‌സൈസ് കമ്മീഷണർ ടി.എസ്. ശശികുമാർ ഏറ്റെടുത്തു. ആലുവ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ കേസ് ഫയലുകൾ കൈമാറി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ ജയിലിൽ ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസിൽ പിടിയിലായ ഒന്നാംപ്രതി കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പിൽ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹിൽവ്യു നഗറിൽ താമസിക്കുന്ന കസ്തൂരി മണി (27), തൃശൂരിൽ സാമൂഹ്യക്ഷേമവകുപ്പിൽ ജീവനക്കാരനായ ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടിൽ മാർവിൻ ജോസഫ് (23) എന്നിവരാണ് പിടിയിലായത്. യുവതി വിയ്യൂർ ജയിലിലും മറ്റ് രണ്ടുപേർ കറുകുറ്റി സി.എഫ്.എൽ.ടി.സിയിലുമാണ്. കൊവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് ഉറപ്പായാൽ ഇവരെ ആലുവ സബ് ജയിലിലേക്ക് മാറ്റും. തുടർന്ന് എറണാകുളം സെഷൻസ് കോടതിയുടെ അനുമതിയോടെയായിരിക്കും ജയിലിൽ പ്രതികളെ ചോദ്യം ചെയ്യുകയെന്ന് അസി. കമ്മീഷണർ ടി.എസ്. ശശികുമാർ 'കേരളകൗമുദി'യോട് പറഞ്ഞു.
ബംഗാൾ, ഗോവ, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ ലഹരിവസ്തുക്കൾ കൊച്ചിയിലെത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നെടുമ്പാശേരി സ്വദേശിയായ അഖിൽ എന്നയാൾക്കും മുഖ്യപങ്കുണ്ട്. ഇയാളെയും എക്‌സൈസ് തെരയുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ ഫോൺവിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
അതേസമയം പ്രതികളുടെ താമസകേന്ദ്രങ്ങളിൽനിന്നും കഴിഞ്ഞദിവസം കഞ്ചാവും കഞ്ചാവുചെടിയും കണ്ടെടുത്തു. ഒന്നാംപ്രതി പ്രണവ് പൈലിയും ഭാര്യ കസ്തൂരിമണിയും ഇരിങ്ങാലക്കുട സർക്കിൾ പരിധിയിലെ ഫാംഹൗസിനോട് ചേർന്ന ഒരു വീട്ടിലാണ് തങ്ങിയിരുന്നത്. ഇവിടെനിന്ന് കഞ്ചാവ്, കഞ്ചാവുചെടി, കഞ്ചാവിന്റെ തൂക്കം അറിയുന്നതിനായി ഉപയോഗിക്കുന്ന ത്രാസ് എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ ദമ്പതികളുടെ പാസ്‌പോർട്ടും ആധാർ ഉൾപ്പെടെയുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ട്. രണ്ടാംപ്രതി മാർവിൻ ജോസഫ് താമസിച്ചിരുന്ന തൃശൂർ പാലസ് റോഡിലെ പുലിക്കോട്ടിൽ ലോഡ്ജിൽനിന്നും 65ഗ്രാം കഞ്ചാവും പാക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകളുമാണ് കണ്ടെടുത്തത്.
തൃശൂരിൽ സാമൂഹ്യക്ഷേമവകുപ്പിൽ ജീവനക്കാരനായ മാർവിൻ ജോസഫ് 2015ലെ ജൂഡോ ദേശീയ ചാമ്പ്യനാണ്. ആലുവയിൽ പിടിയിലായവർ തൃശൂരിലാണ് തങ്ങിയിരുന്നതെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ എക്‌സൈസ് സംഘമാണ് രണ്ടിടത്തും പരിശോധന നടത്തിയത്.