election
പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർത്ഥി ബെസ്സി എൽദോസ് ഭർത്താവ് എൽദോസുമൊത്ത് ഓട്ടോറിക്ഷയിൽ വോട്ട് തേടുന്നു

മൂവാറ്റുപുഴ: രോഗി ഇച്ഛിച്ചതും പാല്......വൈദ്യൻ കൽപ്പിച്ചതും പാല്............ എന്ന പഴഞ്ചൊല്ല് അനർത്ഥമാക്കും വിധമാണ് ബെസ്സി എൽദോസിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ ലഭിച്ചത്. പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇടതു സ്വതന്ത്രസ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ബെസ്സി എൽദോസിന് സ്ഥാനാർത്ഥിത്വം പോലെ തിരഞ്ഞെടുപ്പ് ചിഹ്നവും യാദൃശ്ചികമാകുകയായിരുന്നു .ഭർത്താവ് മുളവൂർ തച്ചളാമാറ്റം എൽദോസ് വർഷങ്ങളായി മൂവാറ്റുപുഴ ടൗണിലെ ഓട്ടോ ഡൈവറാണ്. ബെസ്സി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ തന്നെ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിക്കുന്നതിന് അപേക്ഷിച്ചിരുന്നു.

ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതോടെ ഭർത്താവുമൊത്ത് ഓട്ടോറിക്ഷയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ബെസ്സിക്ക് തന്റെ ചിഹ്നം നാട്ടുകാരെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ലാതായി. രാവിലെ ഭർത്താവുമൊത്ത് ഓട്ടോയിൽ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിനായി എത്തുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആശ വർക്കറായ പ്രവർത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബെസ്സി എൽദോസിന് സ്ഥാനാർത്ഥിത്വം ലഭിച്ചത്.