കൊച്ചി: തൊഴിലാളികളുടെ ഡി.എ.മരവിപ്പിച്ച ഫാക്ട് മാനേജ്മെന്റിന്റെ നടപടിക്കെതിരെ ഫാക്ട് വർക്കേഴ്‌സ് ഓർഗനൈസേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി.നവംബർ 25ന് ഫാക്ട് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡി.എ മരവിപ്പിച്ചത്. കേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മരവിപ്പിക്കലെന്നാണ് ഉത്തരവിൽ പറയുന്നത്. വ്യവസായ തർക്ക പരിഹാരനിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാനേജ്മെന്റ് തീരുമാനമെടുത്തതെന്ന് ഹർജിയിൽ പറയുന്നു. ഫാക്ടിൽ നിലവിലുള്ള കരാർ പ്രകാരം മൂന്നുമാസ ഇടവേളകളിൽ ഡി.എ വർദ്ധനവ് നൽകാൻ മാനേജ്മെന്റിന് ബാദ്ധ്യതയുണ്ട്. ഇക്കാര്യത്തിൽ മാറ്റംവരുത്തണമെങ്കിൽ പുതിയ കരാറോ നിയമാനുസൃതം നോട്ടീസ് നൽകി വ്യവസ്ഥാപിത മാർഗങ്ങളോ സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.