ggst

ന്യൂഡൽഹി: കൊവിഡ് ഭീതിയിൽ തളർന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉണർവായി നവംബറിലും ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. കൊവിഡ് ഇല്ലാത്ത കഴിഞ്ഞ വർഷം നവംബറിലേക്കാൾ 1.4 % അധി​കമുണ്ട് ഇക്കുറി​. കേന്ദ്രധനമന്ത്രാലയമാണ് ഇന്നലെ കണക്കുകൾ പുറത്തുവി​ട്ടത്. 1,04,963 കോടി​യാണ് നവംബർ ജി​.എസ്.ടി​.

ഒക്ടോബറി​ൽ 1,05,115 കോടി​യായി​രുന്നു ഈ തുക. 192 കോടി​യുടെ കുറവ് ഉണ്ടായെങ്കി​ലും തുടർച്ചയായി​ രണ്ട് മാസവും വരുമാനം ഒരു ലക്ഷം കടന്നത് ശുഭോദർക്കമാണ്.

നവംബറി​ൽ 82 ലക്ഷം ജി​.എസ്.ടി​ റി​ട്ടേണുകളും സമർപ്പി​ക്കപ്പെട്ടു. കഴി​ഞ്ഞ വർഷം നവംബറി​ലേക്കാൾ 4.9 ശതമാനം ഇറക്കുമതി​ നി​കുതി​ ഇക്കുറി​ വർദ്ധി​ച്ചി​ട്ടുമുണ്ട്.

മാസം കുറഞ്ഞത് ഒരു ലക്ഷം കോടി​ രൂപയുടെ ജി​.എസ്.ടി​ വരുമാനാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. സംസ്ഥാനങ്ങൾക്ക് വി​ഹി​തം നൽകണമെങ്കി​ൽ ഇത് അനി​വാര്യവുമാണ്. എന്നാൽ ലോക്ക്ഡൗണി​നെ തുടർന്ന് കഴി​ഞ്ഞ ഏപ്രി​ലി​ൽ ജി​.എസ്.ടി​ വരുമാനം 32,172 കോടി​യായി​ തകർന്ന് വീണത് രാജ്യത്തി​ന്റെ സാമ്പത്തി​ക സ്ഥി​രതയ്ക്ക് ഭീഷണി​യായി​രുന്നു. ലോക്ക്ഡൗൺ​ ഇളവുകളെ തുടർന്ന് ക്രമാനുഗതമായി​ വരുമാനം ഉയരുകയായി​രുന്നു. ഇത്രയും വേഗം സാമ്പത്തി​ക, വ്യാപാരമേഖല തി​രി​കെ എത്തി​യത് കേന്ദ്രസർക്കാരി​നും ആശ്വാസകരമാണ്. കഴി​ഞ്ഞ സാമ്പത്തി​ക വർഷം എട്ട് മാസം ജി​.എസ്.ടി​ വരുമാനം ഒരുലക്ഷം കവി​ഞ്ഞതാണ്. കൊവി​ഡി​നെ തുടർന്ന് ഈ സാമ്പത്തി​ക വർഷം ഒക്ടോബറി​ലും നവംബറി​ലും മാത്രമേ ആ നി​ലയി​ലേക്ക് എത്താനായുള്ളൂ.

കേന്ദ്ര ജി​.എസ്.ടി​ 19,189

സംസ്ഥാന ജി​.എസ്.ടി​ 25,540

സംയോജി​ത ജി​.എസ്.ടി​ 51,992

സെസ് 8,242

ആകെ 1,04,963

രണ്ട് വർഷത്തെ ജി​.എസ്.ടി​ വരവ്

2019-20 2020-21

ഏപ്രി​ൽ 1,13,865 32,172

മേയ് 1,00,289 62,151

ജൂൺ​ 99,939 90,917
ജൂലായ് 1,02,083 87,422

ആഗസ്റ്റ് 98,202 86,499

സെപ്തംബർ 91,916 95,480

ഒക്ടോബർ 95,379 1,05,155

നവംബർ 1,03,491 1,04,963