പള്ളുരുത്തി: ടി.കെ. വത്സന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സി.പി.എം പ്രവർത്തകർക്കും നാട്ടുകാർക്കും നഷ്ടമായത് മികച്ച സംഘാടകനെയും ജനകീയ നേതാവിനെയുമാണ്. 1994 മുതൽ 2014 വരെ സി.പി.എം പള്ളുരുത്തി ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച ടി.കെ. വൽസൻ പാർട്ടിയുടെ സ്വരമായിരുന്നു. കൊച്ചിൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നു വത്സൻ. ഇതിനിടയിൽ കരൾ സംബന്ധമായ രോഗവും അലട്ടുന്നുണ്ടായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സൻ ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് മരിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് പള്ളുരുത്തി എസ്.ഡി.പി.വൈ സ്ക്കൂളിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. 1977ൽ കെ.എസ്. വൈ .എഫ് വില്ലേജ് സെക്രട്ടറിയായിരുന്നു. 1980ൽ ഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോൾ ബ്ലോക്ക് ഭാരവാഹിയായി. 1994ൽ പള്ളുരുത്തിയിൽ നടന്ന സമ്മേളനത്തിൽ സി.പി.എം ഏരിയാ സെക്രട്ടറിയായി. തുടർന്ന് 20 വർഷം ആ പദവിയിൽ തുടർന്നു.
ജീവിതത്തിന്റെ വിവിധതുറകളിലുള്ള നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്കരിച്ചു. തുടർന്ന് ദേശാഭിമാനി ആർട്സ് സെന്റർ പരിസരത്ത് അനുശോചന യോഗം ചേർന്നു. വിവിധ രാഷ്ട്രീയ -സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.