പറവൂർ: ഡ്രൈഡേയിൽ മദ്യവില്പന നടത്തിയ രണ്ടുപേരെ എക്സൈസ് പിടികൂടി. ആലങ്ങാട് തിരുവാല്ലൂർ സ്വദേശികളായ പൂപ്പള്ളിക്കോട് വീട്ടിൽ ഉണ്ണി (50), കുന്നേപ്പള്ളി പാറപ്പറമ്പിൽ അശോകൻ (63) എന്നിവരെയാണ് പറവൂർ സർക്കിൾ ഇൻസ്‌പെക്ടർ എസ്. നിജുമോൻ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ആലങ്ങാട് തിരുവാല്ലൂർ ഭാഗങ്ങളിൽ അനധികൃത മദ്യവില്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവരിൽനിന്നും നാൽപതു ലിറ്ററോളം വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.