
കൊച്ചി:നയതന്ത്ര സ്വർണക്കടത്തിലും ഡോളർ കടത്തിലും വമ്പൻസ്രാവുകളുടെ സാന്നിദ്ധ്യം പ്രതികളുടെ മൊഴികളിൽ വ്യക്തമാണെന്ന് സാമ്പത്തിക കുറ്റവിചാരണകോടതി നിരീക്ഷിച്ചു. പ്രതികൾ വെളിപ്പെടുത്തിയ വലിയ പേരുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി പ്രതികളുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താൻ വഴിയൊരുക്കിയത്. ഈ ഘട്ടത്തിൽ ഇവരുടെ പേരുകൾ പുറത്തുവരുന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസിന് ചോദ്യം ചെയ്യാൻ ഏഴുദിവസം കൂടി കസ്‌റ്റഡിയിൽ നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. ഈ മാസം ഏഴിന് രാവിലെ 11ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കണം.
ശിവശങ്കറിന്റെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും നവംബർ 27മുതൽ 29വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ നൽകിയ മൂന്ന് നിർണായക മൊഴികൾ കസ്റ്റംസ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് വമ്പൻ സ്രാവുകളെപ്പറ്റിയുള്ള കോടതിയുടെ നിരീക്ഷണം. പ്രതികൾ വെളിപ്പെടുത്തിയ വമ്പൻ സ്രാവുകൾക്ക് കുറ്റകൃത്യത്തിലുള്ള യഥാർത്ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. .
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതും അതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറുമായുള്ള ഫോൺ സന്ദേശങ്ങളുടെ വിശദാംശങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതും തെളിവുകൾ ശേഖരിക്കാൻ സഹായകമായി. പ്രതികൾ മായ്‌ച്ചുകളഞ്ഞ ഫോൺ സന്ദേശങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്തതിലൂടെ കള്ളക്കടത്തിനു സഹായിച്ചതിലും പ്രേരിപ്പിച്ചതിലും ശിവശങ്കറിന്റെ പങ്കാളിത്തം പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘത്തിനു സാധിച്ചു. സ്വപ്നയുടെ ആദ്യമൊഴികൾ ശിവശങ്കറിനെ ബോധപൂർവം കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോദ്ധ്യപ്പെട്ടതും തെളിവുകളുടെ വീണ്ടെടുപ്പിലൂടെയാണ്. തുടക്കത്തിൽ അങ്ങനെ ചെയ്തതിന്റെ ഉദ്ദേശ്യം ഇപ്പോഴും സ്വപ്നയ്ക്കു മാത്രമേ അറിയാവൂ. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ പ്രതിചേർക്കാനും വിശദമായി ചോദ്യം ചെയ്ത് ആരോപണങ്ങളിൽ വ്യക്തതവരുത്താനും അന്വേഷണ ഉദ്യോഗസ്ഥന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വമ്പൻസ്രാവുകളുടെ പേരുകൾ മൊഴികളിലുണ്ട്
ഉന്നതപദവികളിൽ ഇരിക്കുന്നവർ വിദേശത്തേക്ക് ഡോളർ കടത്തുന്നതിലും ഉൾപ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്നു
യു.എ.എ കോൺസുലേറ്റിലെ ഉന്നതരുമായി പ്രതികൾക്ക് ശക്തമായ ബന്ധമുണ്ട്
കള്ളക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തതിന് ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്
ഇത് സംബന്ധിച്ച മൊഴികളുണ്ട്. ശിവശങ്കറെ പ്രതിചേർത്തത് ന്യായമാണ്
ശിവശങ്കറെ രക്ഷിക്കാൻ ആദ്യഘട്ടത്തിൽ സ്വപ്ന കള്ളമൊഴി നൽകി
സ്വപ്നയുടെ മൊഴി ചോർന്നതിൽ
നടപടിക്ക് കോടതി നിർദ്ദേശം
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി നിർദ്ദേശം നൽകി. ഇതിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വൈകാതെ സമർപ്പിക്കണം. നീതിയുക്തമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകൾ ഒഴിവാക്കണം. മികച്ച അന്വേഷണം നടത്തിയാലേ മികച്ച വിചാരണയും വിധിയും സാദ്ധ്യമാവൂ. സ്വർണക്കടത്ത് കേസിലെ അന്വേഷണം നിരീക്ഷിക്കേണ്ട സാഹചര്യം ഇതാണ്. അന്വേഷണസംഘം കൂടുതൽ ജാഗ്രത പുലർത്തണമെന്നും കോടതി അറിയിച്ചു.
മൊഴി ചോർന്നത് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജികൾ തള്ളിയാണ് മജിസ്ട്രേട്ട് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. കസ്റ്റംസ് സംഘം കുറ്റപത്രം സമർപ്പിക്കുന്നതുവരെ മൂന്നുമാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥരെയും മാദ്ധ്യമങ്ങളെയും എതിർകക്ഷികളാക്കിയാണ് സ്വപ്ന ഹർജി സമർപ്പിച്ചത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ
ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ പരിഗണനയ്ക്ക് വന്നപ്പോൾഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുന്നതിനായി ഹർജി മാറ്റുകയായിരുന്നു. ശിവശങ്കറിനുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെത്തും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായോ കള്ളപ്പണം വെളിപ്പിക്കുന്നതുമായോ തനിക്ക് ബന്ധമുണ്ടെന്നതിന് തെളിവൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം.