 
പറവൂർ: അച്ചനും അമ്മയും മകനുമടക്കം മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കുസമീപം രണ്ടുവർഷമായി വാടകയ്ക്കു താമസിച്ചിരുന്ന അയ്യമ്പിള്ളി കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി.എൻ. രാജേഷ് (55), ഭാര്യ നിഷ (49), മകൻ ആനന്ദ്‌രാജ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആഹാരത്തിൽ വിഷം കലർത്തി കഴിച്ചു മരിച്ചതാണെന്നാണ് പ്രാഥമികനിഗമനം.
ഇന്നലെ ഇവരെ പുറത്തുകാണാതിരുന്നതിനാൽ വീട്ടുടമയും അയൽവാസികളും മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. രാത്രിയോടെ പൊലീസെത്തി വാതിൽ പൊളിച്ച് അകത്തുകയറി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തുചാരിയിരിക്കുന്ന നിലയിലും ആനന്ദ്‌രാജ് കട്ടിലിൽനിന്നും താഴേക്കു മറിഞ്ഞുകിടക്കുന്ന നിലയുമായിരുന്നു. മുറിയിൽ ഭക്ഷണപദാർത്ഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.
മുനമ്പത്ത് മത്സ്യ മൊത്തവിതരണക്കാരനായിരുന്നു രാജേഷ്. രണ്ടുതവണ കുഴിപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗമായിട്ടുണ്ട്. മകൻ ആനന്ദ് രാജ് ഓട്ടിസം ബാധിച്ച കുട്ടിയാണ്. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ഞായറാഴ്ച മകന്റെ ജന്മദിനമായിരുന്നു. കേക്ക് മുറിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലിട്ടിരുന്നു. വിദേശത്തായിരുന്ന രാജേഷ് നാട്ടിൽ തിരിച്ചെത്തിയശേമാണ് മത്സ്യക്കച്ചവടം തുടങ്ങിയത്. മത്സ്യം കൊടുത്തിട്ടു പണം ലഭിക്കാത്തതിനാലുള്ള സാമ്പത്തിക പ്രതിസന്ധിമൂലം വീടും സ്ഥലവും വിറ്റശേഷം വാടകയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹത്തിനു സമീപത്തുനിന്നും കത്തുലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മകന്റെ ആരോഗ്യം സംബന്ധിച്ച വിഷമതകളുമാണ് മരണത്തിലേക്കു നയിച്ചത്. അടുത്തദിവസം വാടകവീട് ഒഴിയേണ്ട ദിവസമാണ്. നാലുമാസം വാടക കൊടുത്തിട്ടില്ല. ഒഴിയുമ്പോൾ വാടകയിൽ കുറയ്ക്കാൻ പറഞ്ഞെങ്കിലും ഉടമ മേശമായി പെരുമാറിയെന്ന് കത്തിലുണ്ട്. വിഷം കഴിച്ചതുകൂടാതെ ഇവർ വീട്ടിൽ ഡീസൽ ഒഴിച്ചിട്ടുണ്ട്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലുമാണ്. ഇന്നു ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.