canal
കാടു മൂടിയ കനാൽ

കിഴക്കമ്പലം: പെരിയാർവാലി കനാലിൽ വെള്ളമില്ലാതായതോടെ കർഷകർ ദുരിതത്തിൽ. കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. താമരച്ചാൽ, മലയിടംതുരുത്ത്, ഊരക്കാട്, അമ്പുനാട്, ചൂരക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ വ​റ്റി വരണ്ടു. കനാലിലെ വെള്ളം വ​റ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു. അതോടെ ശുദ്ധജലവും മുടങ്ങുന്ന അവസ്ഥയിലാണ്. ഡിസംബർ ആയിട്ടും കനാൽവെള്ളം തുറന്നുവിടുന്നതിന് നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.വേനലിൽ കനാലുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ജലപദ്ധതികളുടെ പ്രവർത്തനം നിലയ്ക്കുന്ന മട്ടാണ്.

ഏതാനും പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ ശുചീകരണം തുടങ്ങിയിട്ടുണ്ടെങ്കിലും മുഴുവൻ കനാലുകളിലേയും ശുചീകരണം പൂർത്തിയാക്കാതെ ഭൂതത്താൻകെട്ടിൽനിന്ന് വെള്ളം തുറന്നുവിടാൻ കഴിയില്ല. മുമ്പ് കരാറുകാരെ ഏൽപ്പിച്ചായിരുന്നു ശുചീകരണ ജോലികൾ നടത്തിയിരുന്നതെങ്കിൽ കുറച്ചുകാലമായി തൊഴിലുറപ്പ് തൊഴിലാളികളാണ് പണികൾ നടത്തിയിരുന്നത്. ചിലയിടങ്ങളിൽ ശുചീകരണത്തിനുള്ള പ്രാഥമിക നടപടികൾപോലും തുടങ്ങാത്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു.

കൃഷിയിടങ്ങൾ വ​റ്റി വരണ്ടു

പെരിയാർവാലി കനാലിന്റെ ശുചീകരണം മുടങ്ങിയതോടെ കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലെ കൃഷിയിടങ്ങളും വ​റ്റി വരണ്ടു. കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പലയിടങ്ങളിലും കൃഷി നടക്കുന്നത്. നെല്ല്, വാഴ, ജാതി കൃഷികളാണ് ഈ മേഖലകളിൽ ഏ​റ്റവും കൂടുതൽ ഉള്ളത്.വെള്ളമെത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മാലിന്യത്തിന്റെ കേന്ദ്രം

ഒരു വർഷത്തോളമായി നീരൊഴുക്ക് നിലച്ചതോടെ കനാലുകൾ മാലിന്യ കൂമ്പാരമാണ്. കുപ്പികളും, പ്ലാസ്​റ്റിക്കും വലിച്ചെറിയുന്നതു മൂലം കുപ്പിച്ചില്ലുകൾ നിറഞ്ഞു. വീട്ടിലെ മാലിന്യങ്ങൾ തള്ളുന്ന മാലിന്യത്തൊട്ടിയായും കനാൽ മാറി. ഒട്ടേറെ സ്ഥലങ്ങളിൽ കനാൽ തകരുകയും ചെയ്തു. അത്തരം അ​റ്റകു​റ്റപ്പണികൾ പൂർത്തിയായി വരികയാണ് അതിനിടയിലാണ് വേനലിന്റെ കാഠിന്യം വർദ്ധിച്ചത്.

കുടിവെള്ളമില്ല

കുടിവെള്ളത്തിനായി പെരിയാർവാലി കനാലുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി.

കുന്നത്തുനാട് താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വേനൽക്കാലത്ത് പെരിയാർവാലി കനാലുകളെ ആശ്രയിച്ചാണ് കുടിവെള്ള പദ്ധതികളും കൃഷിയും നിലനിൽക്കുന്നത്.

പരാതി നൽകി

സാധാരണഗതിയിൽ നവംബർ മാസത്തിൽ കനാൽവെള്ളം ലഭ്യമാക്കാറുണ്ട്.ഏക്കർകണക്കിന് സ്ഥലത്തെ കൃഷിയും ജലസേചനസൗകര്യമില്ലാതെ ഉണങ്ങിത്തുടങ്ങി. വെള്ളമില്ലാത്തതിനാൽ കൃഷി തടസപ്പെടുകയാണെന്നു കാണിച്ച് കർഷകസംഘം അധികൃതർക്ക് പരാതി നൽകി. കനാൽ ശുചീകരണം പൂർത്തിയാക്കി വെള്ളം എന്ന് തുറന്നുവിടാൻ കഴിയുമെന്ന് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണ്.