priya-nandakumar
പ്രിയ നന്ദകുമാർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ

കൊച്ചി: എല്ലാ വെല്ലുവിളികളും സധൈര്യം നേരിട്ട് വിജയം വരിച്ച ജീവിതാനുഭവങ്ങളാണ് രവിപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രിയനന്ദകുമാറിന് പറയാനുള്ളത്. എട്ട് വർഷം മുമ്പ് അർബുദം ബാധി​ച്ചപ്പോഴും പ്രിയക്ക് കൂസലുണ്ടായിരുന്നില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം ആർ.സി.സിയിൽ തനിച്ചെത്തി റേഡിയേഷനുൾപ്പെടെയുള്ള ചികിത്സ കഴിഞ്ഞ് അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നപ്പോൾ പോലും പ്രിയ തളർന്നില്ല. അർബുദം തോറ്റ് പിന്മാറിയപ്പോഴുള്ള പ്രിയയുടെ ആത്മവിശ്വാസം ഒട്ടും ചോരാതെ രവിപുരത്തെ തീ പാറുന്ന പോരാട്ടത്തിലും പ്രകടമാണ്.

കൊച്ചി നഗരസഭയിൽ അർബുദം പോലെ പടർന്ന് പിടിച്ച അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഭരണകർത്താക്കളുടെ നടപടിക്കെതിരായ "റേഡിയേഷനായി" ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ കാണാനാണ് പ്രിയക്കിഷ്ടം. എം.ജി റോഡിൽ നിന്നും വിളിപ്പാടകലെ ജീവിക്കുന്ന സാധാരണക്കാരുടെ കോളനികളിലെ ദുരിത ജീവിതം ഈ കെടുകാര്യസ്ഥതയുടെ ജീവിക്കുന്ന തെളിവുകളാണെന്ന് പ്രിയ ചൂണ്ടിക്കാട്ടുന്നു. വോട്ടഭ്യർത്ഥിച്ച് വീടുകളിൽ ചെല്ലുമ്പോൾ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായി കാണാം. നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര ഭരണത്തെ കുറിച്ചും ജനങ്ങൾക്ക് നല്ലത് മാത്രമെ പറയാനുള്ളു.

ന്യൂനപക്ഷ വിഭാഗങ്ങളിലും പ്രകടമായ മാറ്റം കാണാനാകും. ലൗ ജിഹാദ് പോലുള്ള സംഭവങ്ങൾ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ കുടുംബങ്ങളിലുണ്ടാക്കിയ അരക്ഷിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും ബി.ജെ.പി ഭരണം വേണമെന്ന് അവർ ആഗ്രഹിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. പ്രിയ ആത്മവിശ്വാസത്തോടെ പറയുന്നു. രവിപുരം ഡിവിഷനിൽ ഇത്തവണ താമര വിരിയും.